ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഏഷ്യാനെറ്റ് സ്വീകരിക്കുന്ന നിലപാടില്‍ സഹികെട്ട ബിജെപി നേതൃത്വം ഒടുവില്‍ കര്‍ശന നടപടിയുമായി രംഗത്ത്. ഏഷ്യാനെറ്റിന്റെ പ്രധാന ഓഹരി ഉടമയായ രാജീവ് ചന്ദ്രശേഖറിനെ രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംഘത്തില്‍നിന്നും പാര്‍ട്ടി ഒഴിവാക്കിയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ച വിശദീകരിക്കാന്‍ ബുധനാഴ്ചയാണ് ബിജെപി നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്.
എംപിമാരായ സരോജ് പാണ്ഡെ, വിനോദ് സോംകാര്‍, പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍, മലയാളി എംപിമാരായ പ്രൊഫ.റിച്ചാര്‍ഡ് ഹെ, സുരേഷ് ഗോപി, വി.മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എംപിമാരുടെ സംഘത്തെയാണ് രാഷ്ട്രപതിയെ കാണാന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നത്. സംസ്ഥാന അധ്യക്ഷനെന്നതിനാലാണ് ശ്രീധരന്‍ പിള്ള സംഘത്തിലുണ്ടായത്. എംപിയെന്നതിന് പുറമെ കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനുമാണ് രാജീവ് ചന്ദ്രശേഖര്‍.
എന്നിട്ടും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി തയ്യാറായില്ല.രാജീവ് ചെയര്‍മാനായുള്ള ജൂപിറ്റര്‍ കാപിറ്റല്‍ വെന്‍ച്വേഴ്‌സിന്റെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. അടുത്തിടെ ബിജെപി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജീവ് രാജിവെച്ചിരുന്നു. എന്നാല്‍ ഓഹരികള്‍ നിലനിര്‍ത്തി സാങ്കേതികമായാണ് പദവി ഒഴിഞ്ഞത്. ഇപ്പോഴും ഭൂരിഭാഗം ഓഹരികളും രാജീവിനാണ്. ബിജെപിക്കെതിരെയും ശബരിമല വിഷയത്തിൽ അയ്യപ്പ വിശ്വാസികൾക്കെതിരെയും ഏഷ്യാനെറ്റ് എടുക്കുന്ന നിലപാടിൽ പ്രവർത്തകർ കടുത്ത അമര്ഷത്തിലാണ്.
പാർട്ടി ചാനലിനേക്കാൾ അധഃപതിച്ച വാർത്തകളാണ് കൊടുക്കുന്നതെന്നാണ് പ്രവർത്തകരുടെ ആരോപണം. ഏറ്റവും അവസാനം മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു ബിജെപിയെ ബഹിഷ്കരിച്ചു കൂട്ടത്തിൽ ഏഷ്യാനെറ്റും ഉണ്ടായിരുന്നു. ഇതാണ് കൂടുതലും ബിജെപിയെ പ്രകോപിപ്പിച്ചത്. രാജീവിന്റെ നേതൃത്വത്തിലുള്ള ഏഷ്യാനെറ്റിന്റെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് പരാതി പറഞ്ഞിരുന്നു.
എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ശബരിമല വിഷയത്തിലാണ് രാഷ്ട്രപതിയെ കാണുന്നതെന്നതിനാല്‍ വിശ്വാസികളെ അധിക്ഷേപിച്ച ചാനലിന്റെ മുതതലാളിയെ കൂടെക്കൂട്ടാനാവില്ലെന്ന കര്‍ശന നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിക്കുകയായിരുന്നു. ഇന്ഡസ് സ്ക്രോൾ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments