ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച നേതാവായ ശിഖര്‍ അഗര്‍വാളാണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ മുഖ്യ പ്രതിയാണെന്നാണ് സംശയം. വാര്‍ത്താ ഏജന്‍സി പി ടി ഐയാണ് അറസ്റ്റിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.
വ്യാഴാഴ്ച രാവിലെ ഹാപുറില്നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബുലന്ദ് ശഹര് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന.
ഡിസംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബുലന്ദ്ശഹര്‍ ജില്ലയിലെ സിയാനയില്‍ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിനെടെയാണ് എസ് ഐ സുബോധ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തില്‍ പ്രദേശവാസിയായ ഇരുപത്തൊന്നുകാരന് സുമിത് കുമാറും മരിച്ചിരുന്നു. സംഭവത്തില്‍ ബജ്രംഗ് ദള്‍ നേതാവും കേസിലെ മറ്റൊരു മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുമായ യോഗേഷ് രാജിനെ നേരത്തേ അറസ്റ്റ് ചെയ്തു. കേസില്‍ 27 പേര്‍ക്കെതിരെയാണ് സിയാന പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Post Your Comments