മുംബൈ : എടിഎമ്മില്‍ നിന്നും തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാളെ രണ്ടാഴ്ചയിലധികം കാത്തിരുന്ന് യുവതി പിടികൂടി. മുംബൈയിലെ ബാന്ദ്രയിലാണു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഭൂപേന്ദ്ര മിശ്രയെന്ന ആളാണ് പോലീസിന്റെ പിടിയിലായത്. നഗരത്തില്‍ പലയിടങ്ങളിലായി ഏഴോളം കേസുകളാണ് മിശ്രയുടെ പേരിലുള്ളത്.
ഡിസംബര്‍ 18നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലി ഹില്ലിലുള്ള തന്റെ ഓഫീസിലേക്കു പോകുന്നതിനായി ട്രെയിനിലെത്തിയതായിരുന്നു രഹ്ന ഷെയ്ഖ് എന്ന യുവതി. റെയില്‍വേ സ്റ്റേഷനു സമീപമുള്ള എടിഎമ്മില്‍ നിന്നും ഇവര്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എടിഎമ്മിനു പുറത്ത് നില്‍ക്കുകയായിരുന്നു പ്രതിയായ മിശ്ര. പണം ലഭിക്കാതെ രഹ്ന വിഷമിക്കുന്നതു കണ്ട മിശ്ര സഹായം വാഗ്ദാനം ചെയ്ത് ഉള്ളില്‍ പ്രവേശിച്ചു. മിശ്രയും സഹായിച്ചെങ്കിലും പണം ലഭിച്ചില്ല. തന്ത്ര പൂര്‍വം യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇയാള്‍ മനസിലാക്കി. രഹ്ന ഓഫീസിലെത്തിയപ്പോഴേക്കും 10,000 രൂപ നഷ്ടപ്പെട്ടതായി സന്ദേശം വന്നിരുന്നു. ഉടന്‍ തന്നെ എടിഎമ്മില്‍ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് തുടര്‍ച്ചയായി 17 ദിവസത്തോളം രഹ്ന എടിഎമ്മിലെത്തി. പ്രതിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ ഈ മാസം നാലിന് രാത്രി 11.30 ഓടെ അവിടെയെത്തിയ രഹ്ന പ്രതി എടിഎമ്മിനു സമീപം നില്‍ക്കുന്നത് കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments