കൊച്ചി: അഭിമന്യു വധക്കേസിലെ ആറാം പ്രതി റജീബിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് കൊലപാതകത്തില്‍ സുപ്രധാന പങ്കുണ്ട് എന്നും ഇയാള്‍ പുറത്തു നില്‍ക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അപേക്ഷയില്‍ പറയുന്നു. അപേക്ഷ സ്വീകരിച്ച കോടതി ആറാം പ്രതി റെജിബിന് നോട്ടീസ് അയച്ചു.
കഴിഞ്ഞ ജൂലൈ ഒന്നിന് മഹാരാജാസ് കോളെജ് ക്യാംപസില്‍ വച്ച് രാത്രിയാണ് അഭിമന്യുവിന് കുത്തേറ്റത്. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐ – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.
നെഞ്ചിന് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ അര്‍ജുന്‍ നിണ്ട ചികിത്സയ്ക്ക് ശേഷം അടുത്ത കാലത്താണ് ആശുപത്രി വിട്ടത്.
Post Your Comments