തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തള്ളി വി.എസ്. അച്യുതാനന്ദന്‍. ദേശീയ തലത്തിൽ സാമ്പത്തിക സംവരണത്തോട് സി.പി.എം അനുകൂലമാണെങ്കിലും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പാര്‍ട്ടി കേന്ദ്രനേതൃത്വവും തള്ളിപ്പറഞ്ഞിട്ടുണ്ട്..
ഇതിന്റെ പിന്നിൽ സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യമാത്രമാണ് ഉള്ളത്. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ആശയമാണിതെന്നും രാജ്യവ്യാപകമായി ചര്‍ച്ചചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണകാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണംകൊണ്ടുതന്നെ സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments