പഞ്ച്കുല: മാധ്യമ പ്രവര്‍ത്തനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള വിധി സിബിഐ കോടതി ഈ മാസം 11ന് പ്രഖ്യാപിക്കും. ഗുര്‍മീതിനെ വീഡിയോ കോള്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കുക. അതേസമയം ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.
2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ വെടിവെച്ച് വീഴ്ത്തിയത്. ഗുര്‍മീതിന്റെ ആശ്രമത്തില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് അദ്ദേഹം തന്റെ പത്രമായ പൂരാ സച്ചില്‍ ലേഖനം എഴുതിയിരുന്നു. ഇതിന്റെ പകപോക്കലാണ് വെടിവെപ്പില്‍ കലാശിച്ചത്. സാരമായി പരിക്കേറ്റ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ആ വര്‍ഷം സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു.
അതേസമയം ഗുര്‍മീതിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി വീഡിയോ കോള്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. 2017ല്‍ ഗുര്‍മീതിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ കലാപത്തില്‍ 40ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments