അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യ വൈദ്യുതി ബസ് ഇനി അബുദാബിക്ക് സ്വന്തം. അബൂദാബി ഗതാഗത വകുപ്പ് (ഡിഒടി), ഹാഫിലാത് ഇന്‍ഡസ്ട്രീസ്, സീമെന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മസ്ദാറാണ് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ സംരംഭത്തിന് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് മറീന മാളിനും ബസ് സ്റ്റാന്‍ഡിനും മസ്ദര്‍ സിറ്റിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസിന് ആറ് സ്റ്റോപ്പുകള്‍ ആണുള്ളത്.
ഡിഒടിയുടെ നിലവിലുള്ള സര്‍വീസുകള്‍ക്കൊപ്പമാണ് ഈ ബസും ഓടുന്നത്. മാര്‍ച്ച് അവസാനം വരെ സൗജന്യമായായിരിക്കും സേവനം. യുഎഇയിലെ താപനിലയും അന്തരീക്ഷ ഈര്‍പ്പവുമാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കാറുള്ളത്. എന്നാല്‍ ഇതിന് വിനയാകാത്ത തരത്തിലാണ് ഇവയുടെ നിര്‍മാണം.
30 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കും. സൗരോര്‍ജം ഉപയോഗിച്ചും ബസിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാനാവും. ഭാരം കുറഞ്ഞ അലൂമിനിയം ബോഡിയാണ് ബസിനുള്ളത്. വാട്ടര്‍ കൂളിംഗ് സംവിധാനം ബാറ്ററിയുടെ പ്രവര്‍ത്തന മികവും കാലാവധിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. അന്തരീക്ഷത്തില്‍ ചൂട് കൂടുതലുള്ളപ്പോള്‍ പോലും ഈ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കും.
എയര്‍ കണ്ടീഷനും ഊര്‍ജം ലാഭിക്കാന്‍ ഉതകും വിധമാണ് തയാറാക്കിയിരിക്കുന്നത്. സീമെന്‍സിന്റെ സാങ്കേതിക വിദ്യയിലാണ് ബസ് പ്രവര്‍ത്തിക്കുന്നത്. ഗിയര്‍ രഹിത പിഇഎം മോട്ടര്‍ അടക്കം അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലാത്തതും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതും ശബ്ദമില്ലാത്തതുമായ സംവിധാനമാണ് ബസിനായി തയാറാക്കിയിരിക്കുന്നത്. ഇത് ബസിന്റെ പ്രവര്‍ത്തനകാലാവധി വരെ നീണ്ടുനില്‍ക്കാന്‍ തക്കവണ്ണം നിലവാരമുള്ളതാണ്.
Post Your Comments