തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയില്‍ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങി വാട്ടര്‍ അതോറിട്ടി. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്‌ലെറ്റുകളില്‍ 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്‌ക്കാണ് നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്‌ലെറ്റുകള്‍, റീട്ടെയില്‍ മാര്‍ക്കറ്റ് എന്നിവയിലൂടെയാകും വില്പന. ഇതിനായി എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. ഫെബ്രുവരിയോടെ കുപ്പിവെള്ളം വിപണിയിലെത്തും.
അരുവിക്കരയിലെ പ്ളാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. യന്ത്രങ്ങളെല്ലാം സ്ഥാപിച്ചു. ഇവയ്‌ക്ക് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് വാട്ടര്‍ അതോറിട്ടി. ഈമാസം അവസാനം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. 16 കോടിയാണ് പദ്ധതി ചെലവ്.
അര, ഒന്ന്, രണ്ട് ലിറ്റര്‍ ബോട്ടിലുകളാണ് പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാന്‍ ആലോചനയുണ്ട്. പ്രതിദിനം 7200 ലിറ്ററാണ് ഉത്പാദിപ്പിക്കുക. റിവേഴ്സ് ഓസ്‌മോസിസ്, ഡീക്ളോറിനേഷന്‍ എന്നിവയിലൂടെയാണ് കുടിവെള്ളം ശുദ്ധീകരിക്കുക.
Post Your Comments