Latest NewsKerala

തലസ്ഥാന നഗരിക്ക് പൂക്കാലമൊരുക്കി വസന്തോത്സവം

തിരുവനന്തപുരം: അനന്തപുരിയിൽ പൂക്കാലമൊരുക്കി വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സ്പോണ്‍സര്‍ഷിപ്പ്, സ്റ്റാളുകള്‍, ടിക്കറ്റ് എന്നിവയുടെ വില്പന വഴിയാണ് ഈ വര്‍ഷത്തെ വസന്തോത്സവം സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പ് പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെക്രട്ടേറിയറ്റ്, മ്യൂസിയം-മൃഗശാല, കാര്‍ഷിക കോളേജ്, ജവഹര്‍ലാല്‍ നെഹ്റു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായി സ്പേസ് സെന്റര്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വനം ഗവേഷണ കേന്ദ്രം, കിര്‍ത്താഡ്സ്, നിയമസഭാമന്ദിരം, കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം, പൂജപ്പുര ആയുര്‍വേദ ഗവേഷണ കേന്ദം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും നിരവധി വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിംപീഡിയം ചെടികളുടെ പ്രദര്‍ശനം, പൂനയില്‍ നിന്നുള്ള കാര്‍ണേഷന്‍ ചെടികള്‍, അഡീനിയം ചെടികളുടെ ശേഖരം, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ചകള്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്ന ജലസസ്യങ്ങള്‍, ടെറേറിയം എന്നിവയുടെ അപൂര്‍വകാഴ്ചകള്‍, കിര്‍ത്താഡ്സ് ഒരുക്കുന്ന വംശീയ പാരമ്ബര്യ വൈദ്യ സ്റ്റാളുകള്‍, ഗോത്രവര്‍ഗ്ഗക്കാരുടെ തനത് ഭക്ഷ്യ വിഭവങ്ങള്‍, ഔഷധസസ്യ ശേഖരം, ജൈവവൈവിധ്യ സംരക്ഷണം, വനസംരക്ഷണം, വന്യജീവി സംരക്ഷണം എന്നിവയ്ക്കു പ്രാധാന്യം നല്‍കുന്ന വനം വകുപ്പിന്റെ കാടിന്റെ പുനസൃഷ്ടി, വന ഉല്‍പന്നങ്ങളുടെ വില്പന നടത്തുന്ന വനശ്രീ സ്റ്റാള്‍, തേന്‍കൂടുമായി ഹോര്‍ട്ടികോര്‍പ്പ്, കാര്‍ഷികോത്പന്നങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനം എന്നിവ ഇത്തവണത്തെ സവിശേഷതകളാണ്. മത്സരവിഭാഗത്തില്‍ വരുന്ന ചെടികള്‍ക്ക് പുറമെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിക്കുന്ന പതിനായിരത്തിലധികം പൂച്ചെടികളുടെ ശേഖരവും വസന്തോത്സവത്തിന് മാറ്റുകൂട്ടുന്നു. വിവിധ പുഷ്പാലങ്കാരമത്സരങ്ങളും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button