കുംഭകോണം: ആത്മാർത്ഥ സുഹൃത്തുക്കൾ ഒരേ യുവതിയെ പ്രണയിച്ചു, ഒടുവിൽ കലാശിച്ചത് ക്രൂര കൊലപാതകത്തിൽ. കുംഭകോണം അവനിയാപുരത്താണു സംഭവം. മയിലാടുതുറൈയിൽ എൻജിനീയറിങ് വിദ്യാർഥിയായ മുൻതസർ (20) ആണു കൊല്ലപ്പെട്ടത്. മുൻതസറിന്റെ സുഹൃത്തുക്കളായ എം.ഇജാസ് അഹമ്മദ് (20), എം.മുഹമ്മദ് ജലാലുദ്ദീൻ (18), ആർ.മുഹമ്മദ് സമീർ (18) എന്നിവർ പൊലീസ് പിടിയിലായി. മുൻതസറും പ്രതികളും ദീർഘകാലമായി സുഹൃത്തുക്കളാണ്.
തിരുച്ചിറപ്പള്ളിയിലെ കോളജ് വിദ്യാർഥിനിയോട് ഇജാസിനും മുൻതസറിനും പ്രണയമുണ്ടായിരുന്നു. പെൺകുട്ടിക്കു ഇഷ്ടം മുൻതസറിനോടു മാത്രം. ഇതിന്റെ വൈരാഗ്യത്തിലാണു സുഹൃത്തുക്കളുടെ സഹായത്തോടെ ഇജാസ് മുൻതസറിനെ കൊലപ്പെടുത്തുകയായിരുന്നു.
മുൻതസറും അമ്മയും ഒറ്റയ്ക്കാണു വീട്ടിൽ താമസം. പിതാവ് വിദേശത്താണ്. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു ബൈക്കിൽ പോയതാണു മുൻതസർ. രാത്രിയോടെ ഫോൺ ചെയ്ത്, സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു പോകുന്നുവെന്നു അമ്മയോടു പറഞ്ഞു. മണിക്കൂറുകൾക്കകം മുൻതസറിന്റെ ഫോണിൽനിന്നു മറ്റൊരു വിളി അമ്മ മുംതാസിനു ലഭിച്ചു. മുൻതസറിനെ തങ്ങൾ തട്ടിക്കൊണ്ടുപോകുകയാണെന്നും അഞ്ചു ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നുമായിരുന്നു ഫോൺ സന്ദേശം.തിരിച്ചുവിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.
മുംതാസ് ഉടൻ തിരുവിടൈമരുതൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ, പ്രദേശവാസികളാണു കായലിനു സമീപം മുൻതസറിന്റെ മൃതദേഹം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
Post Your Comments