ജലന്ധര്‍: സ്റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ബീജസങ്കലനം തുടങ്ങിയവയെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ക്ക് അറിയാമായിരുന്നെന്ന് ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നാഗേശ്വര്‍ റാവു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് നാഗേശ്വര്‍ റാവു ഇങ്ങനെ പറഞ്ഞത്. മഹാഭാരതത്തിലേയും രാമായണത്തിലേയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അവകാശവാദം.ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ റാവു പങ്കുവയ്ച്ചത് നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ്.
ഒരു അമ്മയില്‍ നിന്ന് 100 കൗരവര്‍ ഉണ്ടായി. 100 അണ്ഡങ്ങള്‍ 100 കലങ്ങളില്‍ നിക്ഷേപിച്ചു എന്ന് മഹാഭാരതത്തില്‍ പറഞ്ഞിട്ടില്ലെ? അത് ടെസ്റ്റ് ട്യൂബ് ശിശുക്കളല്ലെ? ഇത് സംഭവിച്ചത് സ്റ്റെം സെല്‍ റിസേര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും വഴിയാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്പാണിത്. ഇതായിരുന്നു ഈ രാജ്യത്തെ ശാസ്ത്രമെന്ന് നാഗേശ്വര്‍ റാവു പറഞ്ഞു.
രാമായണത്തെ ഉദ്ധരിച്ചായിരുന്നു നാഗേശ്വര്‍ റാവുവിന്റെ അടുത്ത വിശദീകരണം. ശത്രുക്കളെ ലക്ഷ്യമാക്കി എയ്ത് പിന്തുടര്ന്ന് വകവരുത്തിയ ശേഷം തിരിച്ചു വരുന്ന അസ്ത്രങ്ങളാണ് രാമന് ഉപയോഗിച്ചിരുന്നത്. ഇതാണ് ഗൈഡഡ് മിസൈലുകള്‍. രാവണന് 24 തരം വിമാനങ്ങള്‍ ഉണ്ടായിരുന്നു. പല തരത്തിലും പല വലിപ്പത്തിലുമുള്ളതായിരുന്നു അവ. മാത്രമല്ല രാവണന് ലങ്കയില്‍ നിരവധി വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നുവെന്നും നാഗേശ്വര്‍ റാവു പറഞ്ഞു.
Post Your Comments