തിരുവനന്തപുരം : യുവതികളുടെ ശബരിമല ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾ കയറിയെന്നത് വസ്തുതയാണെന്നും മുമ്പ് കയറാതിരുന്നത് സുരക്ഷയുടെ പ്രശ്നങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുമ്പും താൻ പറഞ്ഞിട്ടുണ്ട് ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന്. അത് തന്നെയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദർശനം നടത്തിയെന്ന് ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു.
ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു
Post Your Comments