അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ വര്‍ണാഭമായ വെടിക്കെട്ട് നടക്കും. ആകാശത്ത് വര്‍ണങ്ങള്‍ വിരിയുന്ന കരിമരുന്ന് പ്രയോഗം കാണാന്‍ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തുക. അബുദാബിയില്‍ ഏഴിടങ്ങളിലായാണ് വെടിക്കെട്ടുകള്‍ നടക്കുക. കോര്‍ണിഷ്, എമിറേറ്റ്സ് പാലസ്, യാസ് ഐലന്‍ഡ് അല്‍ മരിയ ഐലന്‍ഡ് ഷാന്‍ഗ്രി ലാ അബുദാബി, ഹസാ ബിന്‍ സായിദ് സ്റ്റേഡിയം, സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ വേദി എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക.
ദുബായില്‍ ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടും ലേസര്‍ പ്രദര്‍ശനങ്ങളും നടക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ബുര്‍ജ് ഖലീഫയുടെ ഭാഗങ്ങളിലുള്ള റോഡുകള്‍ അടച്ചിടുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഡൗണ്‍ ടൗണ്‍ ദുബായിലെ വലിയ സ്ക്രീനില്‍ ഇതിന്റെ തത്സമയ പ്രദര്‍ശനം നടക്കും. പാം ജുമൈറയിലെ അറ്റ്ലാന്റിസ്, ബുര്‍ജ് അല്‍ അറബ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങള്‍ക്ക് പുറമേ ഗ്ലോബല്‍ വില്ലേജിലെ വിവിധ രാജ്യങ്ങളുടെ പവലിയനുകളിലും വെടിക്കെട്ട് നടക്കും.
ചൈന പവിലിയനില്‍ എട്ടുമണി, തായ്ലന്ഡ് ഒമ്പത് മണി, ബംഗ്ലാദേശ് 10 മണി, ഇന്ത്യ 10.30, പാകിസ്താന് 11 മണി, യു.എ.ഇ. 12 മണി, റഷ്യ ഒരുമണി എന്നിങ്ങനെയാണ് വെടിക്കെട്ടിന്റെ സമയക്രമം. ഷാര്‍ജയില്‍ അല്‍ മജാസ് വാട്ടര്ഫ്രന്ഡിലാണ് വെടിക്കെട്ട് നടക്കുക. ഷാര്‍ജ ഫൗണ്ടനില്‍ വര്‍ണാഭമായ മറ്റ് ആഘോഷങ്ങള്‍ നടക്കും. റാസല്‍ഖൈമയില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുകൊണ്ടുള്ള വെടിക്കെട്ടിനാണ് പുതിയവര്‍ഷം സാക്ഷ്യംവഹിക്കുക. അല്‍ മര്‍ജാന്‍ ദ്വീപില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
Post Your Comments