മട്ടന്നൂര്‍ : പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് നാം നേരിടുന്ന വലിയ പ്രശ്‌നമെന്നും ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. 2019-20 വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നിലവിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി മട്ടന്നൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രയാസമാണ് പ്രവൃത്തികള്‍ വൈകാന്‍ കാരണമായി പറയുന്നത്. ഇത് ശരിയല്ല. നമ്മള്‍ തന്നെയാണ് പദ്ധതികള്‍ വൈകാന്‍ കാരണം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് തലത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും. വിമാനത്താവളം വന്നതോടെ നമ്മള്‍ വികസനത്തിന്റെ പാതയിലാണ്. വളര്‍ച്ചയ്ക്കനുസരിച്ച് ഭരണ നിര്‍വഹണം നടത്താന്‍ കഴിയണം. കാര്‍ഷികം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര വികസനം നടപ്പാക്കും. കൂടുതല്‍ നിക്ഷേപകരെയും സംരംഭകരേയും കണ്ടെത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്ത് ഇതിലൂടെ മട്ടന്നൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മികവിന്റെ കേന്ദ്രമാക്കുന്നതിന് ചിറ്റാരിപ്പറമ്പ ഹൈസ്‌കൂളിന് അഞ്ചു കോടിയും മാലൂര്‍ ഹൈസ്‌കൂളിന് മൂന്ന് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മട്ടന്നൂര്‍ യു പി സ്‌കൂളിനെ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. മട്ടന്നൂര്‍ മിനി സിവില്‍ സ്റ്റേഷന് 34 കോടി അനുവദിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍, ട്രഷറിക്ക് പുതിയ കെട്ടിടം എന്നിവ നിര്‍മിക്കുമെന്നും റോഡുകളുടെ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും വാര്‍ഡടിസ്ഥാനത്തില്‍ കൃഷിക്കാരുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് കയറ്റുമതി ചെയ്യാനുള്ള സംവിധാനമൊരുക്കണം. വര്‍ഷം മുഴുവന്‍ വിവിധയിനങ്ങള്‍ കൃഷി ചെയ്യുന്ന രീതിയില്‍ കൃഷി രീതി മാറ്റണമെന്നും മന്ത്രി പറഞ്ഞു.
അംഗനവാടികളുടെ നിലവാരം മെച്ചപ്പെടിത്തുന്നതിനും വെറ്റിനറി പോളിക്ലിനിക് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിമാനത്താവള സ്ഥലമെടുപ്പ് എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കണം, വിമാനത്താവളം പരിഗണിച്ചു കീഴല്ലൂര്‍ പഞ്ചായത്തില്‍ പ്രത്യേക സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കണം, മട്ടന്നൂരിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിന് റോഡ് പ്രവൃത്തികള്‍ വേഗത്തിലാകണം, പൈതൃക ടുറിസം പദ്ധതിയില്‍ മട്ടന്നൂരിനെകൂടി ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ ഉന്നയിച്ചു.
മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പഞ്ചായത്ത് പ്രെസിഡന്റുമാരായ എം രാജന്‍ (കീഴല്ലൂര്‍), പി പി നൗഫല്‍ (കൂടാളി ), പി പി സുഭാഷ് (തില്ലങ്കേരി), പി അശോകന്‍ (മാലൂര്‍), കെ പി സുരേഷ് കുമാര്‍ (കോളയാട് ), കെ പ്രസീത (മാങ്ങാട്ടിടം), വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments