വിവര വിനിമയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെങ്കിലും അച്ചടി സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും കേരളത്തില്‍ അതിന്റേതായ ഒരു ഇടം ഉണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ അച്ചടി സ്ഥാപനങ്ങളെ ശരിയായ രീതിയില്‍ സംരക്ഷിക്കേണ്ടതിന് ഈ രംഗത്ത് കൃത്യമായ പദ്ധതികളിലൂടെ കാലാനുസൃതമായ മാറ്റം വരുത്തണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നുമദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സാമൂഹ്യ മാധ്യമങ്ങളടക്കം വിവര വിനിമയ മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെങ്കിലും അച്ചടി സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ അതിന്റേതായ ഇടം ഉണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി ഇത്തരം സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. ഈ മാറ്റം തൊഴിലാളികളും ജീവനക്കാരും സ്ഥാപനങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ട്.
പൊടിക്കുണ്ടില്‍ കണ്ണൂര്‍ ഗവ. പ്രസ്സ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഗവര്‍മെണ്ട് പ്രസ്സുകള്‍ കാലാനുസൃതമായി നവീകരിക്കുന്നതിന് കൃത്യമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സര്‍ക്കാരിന് ആവശ്യമായ സുരക്ഷിതമായ ഒട്ടേറെ അച്ചടി ജോലികള്‍ നിര്‍വഹിക്കേണ്ടത് ഗവ. പ്രസ്സുകളിലാണ്. അതിനാല്‍ ഇവിടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. ഏഴ് കോടി രൂപ കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചു. ഇതിനു പുറമെ കിഫ്ബി വഴി 100 കോടി രൂപയും പ്രസ്സുകളുടെ നവീകരണത്തിനായി വകയിരുത്തി. നല്ല രീതിയില്‍ ഈ സാഹചര്യം പ്രയോജപ്പെടുത്താന്‍ കഴിയണം. ഇതിനായി ഈ രംഗത്ത് കൃത്യമായ പദ്ധതികളിലൂടെ കാലാനുസൃതമായ മാറ്റം വരുത്തണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
എട്ട് ജില്ലകളിലായി 11 ഗവ. പ്രസ്സുകളും 12 ജില്ലാ ഫോറം സ്റ്റോറുകളും അച്ചടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്സുകളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പരമ്പരാഗത രീതിയില്‍ മുന്നോട്ട് പോകാനാവില്ല. എന്തൊക്കെ മാറ്റങ്ങളുണ്ടാകണമെന്ന് പഠിക്കാന്‍ ഒരു പഠന സമിതിയെ നിയോഗിക്കുകയുണ്ടായി. ഇവരുടെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് ഈ രംഗത്ത് നവീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്. അച്ചടി വകുപ്പിന് പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു. കമ്പോസ് പദ്ധതിയുടെ ഭാഗമായി ഗസറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാന്‍ സാധിച്ചു.
സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജീവനക്കാര്‍ക്ക് വേണ്ട സൗകര്യം ഉറപ്പാക്കുന്നതിനും സര്‍ക്കാരിന് ബാധ്യതയുണ്ട്. അതോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്. ഇതിന് സിവില്‍ സര്‍വീസ് മേഖലയിലെ സംഘടനകള്‍ സഹകരിക്കുന്നണ്ടെന്ന കാര്യം എടുത്തുപറയുകയാണ്.
Post Your Comments