തിരുവനന്തപുരം•പുതുവർഷത്തിൽ അരങ്ങേറുന്ന വനിതാമതിലെന്ന ക്യാമ്പയിന് പിന്തുണയുമായി കൂടുതൽ പ്രമുഖർ. സമൂഹത്തിന്റെ വിവിധതുറകളിൽ വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ പേരാണ് വനിതാമതിലിന് പിന്തുണയുമായെത്തിയത്. പുലിസ്റ്റർ പുരസ്‌കാര ജേതാവും ലോകപ്രശസ്ത ഫോട്ടോഗ്രാഫറുമായ നിക്ക് ഉട്ടും വനിതാ മതിലിന് പിന്തുണയുമായി എത്തി.
കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിക്കാനായി മട്ടാഞ്ചേരിയിൽ എത്തിയപ്പോഴാണ് ഈ പുതിയ ക്യാമ്പയിനെ കുറിച്ച് അറിഞ്ഞത്. വനിതാ മതിലിന് എന്റെ എല്ലാ പിന്തുണയും നിക്ക് ഊട്ട് പറഞ്ഞു.
ജനുവരി 1 പുതിയ വർഷം മാത്രമല്ല പുതിയൊരു ആഘോഷം കൂടിയാണ് –വനിതാ മതിലെന്ന ആഘോഷം. ആളുകൾ ഒരുമിച്ച് കൈകോർക്കുമ്പോൾ ഒന്നിനും അവരെ തടയാനാവില്ല. അത്തരമൊരു പരിശ്രമമാണ് ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ത്രീപുരുഷസമത്വം ഉന്നംവെച്ച് സംഘടിപ്പിക്കുന്നത്. നടിയും സംവിധായകയുമായ സുഹാസിനി പറഞ്ഞു.
ചലച്ചിത്രരംഗത്തുനിന്നും ഒട്ടേറെ പേരാണ് വനിതാ മതിലിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. പാർവതി തിരുവോത്ത്, റിമാകല്ലിങ്കൽ, ബീനാപോൾ, ഭാഗ്യലക്ഷ്മി, മുത്തുമണി, ഗീതുമോഹൻദാസ്, രമ്യ നമ്പീശൻ, സജിത മഠത്തിൽ, വിധു വിൻസന്റ്, ദീദി ദാമോദരൻ, മാല പാർവതി തുടങ്ങിയവർ ഇതിൽപ്പെടുന്നു.
220 ലധികം പ്രമുഖ വനിതകൾ ചേർന്ന് വനിതാ മതിലിനെ പിന്തുണച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. സമത്വത്തിലും സാമൂഹ്യനീതിയിലും ഊന്നിയ നവ കേരളത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടാണ് വനിതാ മതിൽ മുന്നോട്ടുവയ്ക്കുന്നത്. കേരളം കാത്തുസൂക്ഷിച്ച നവോത്ഥാന മൂല്യങ്ങൾക്ക് വർഗീയശക്തികളിൽ നിന്ന് വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ‘ഇതിനോടൊപ്പം അല്ല ഞങ്ങൾ’ എന്ന് പ്രഖ്യാപിക്കാൻ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് കേരളത്തിലെ സ്ത്രീകൾ ആരംഭിക്കുന്ന ആശയപ്രചാരണ രൂപമാണിത്…… ഏതെങ്കിലും പ്രത്യേക വിഷയത്തോട് അല്ല സമൂഹത്തിലെ ചിലയിടങ്ങളിൽ പ്രകടമാകുന്ന വർഗ്ഗീയ വിധ്വംസക വിഭാഗീയ പ്രവണതകളോടാണ് വനിതാ മതിലിൽ അണിചേർന്നു കൊണ്ട് സ്ത്രീകൾ പ്രതികരിക്കുന്നത്, സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഡോക്ടർ എം ലീലാവതി, സികെ ജാനു, കെ അജിത, പി വത്സല, അഷിത, കെ പി സുധീര, സാവിത്രി രാജീവൻ, മ്യൂസ് മേരി ജോർജ്, ഖദീജാ മുംതസ്, നിലമ്പൂർ ആയിഷ, മീന ടി പിള്ള, സീനത്ത്, രാജശ്രീ വാര്യർ, ശീതൽ ശ്യാം, എച്ച്മുക്കുട്ടി, ധന്യ രാമൻ, വിപി സുഹ്റ, മൈന ഉമൈബാൻ, വിജി പെൺകൂട്ട്തുടങ്ങി വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ വനിതകളാണ് സംയുക്തപ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.
കുറച്ചു ദശകങ്ങളായി ഒരു പിന്നോട്ടുപോക്ക് മനസ്സുകൊണ്ട് സമൂഹത്തിൽ മനസ്സുകൊണ്ട് ഉണ്ടായിട്ടുണ്ട്. പക്ഷേ നമ്മൾ അത് തിരിച്ചറിഞ്ഞിരുന്നില്ല. വളരെ പരിഷ്‌കൃതമായ കുടുംബങ്ങളിൽ പോലും സ്ത്രീകൾ കൂട്ടിനകത്ത് പെട്ടുപോകുന്ന അവസ്ഥയുണ്ട് സമൂഹവുമായി ബന്ധം ഇല്ലാത്ത അവസ്ഥയുണ്ട് അത് പിന്നെയും അവരെ വളരെ എളുപ്പത്തില് അസ്വതന്ത്രരാക്കാനുള്ള ഒരു സാധ്യത ഉണ്ടാക്കിയിട്ടുണ്ട്, എഴുത്തുകാരി ഖദീജ മുംതസ് പറഞ്ഞു.
കേരളത്തിലെ സ്ത്രീമുന്നേറ്റം തുടങ്ങി വച്ചത് ദളിത് സ്ത്രീകളാണ്. വളരെ ശക്തമായി പഴയ കാലഘട്ടത്തിലേക്ക് തിരിച്ച് കൊണ്ടുപോവാനുള്ള ശ്രമം ഇപ്പോഴുണ്ടാവുന്നുണ്ട്. അതിനെ ശക്തമായി ചെറുക്കാൻ കേരളത്തിലെ മുഴുവൻ സ്ത്രീകളും മുന്നോട്ടിറങ്ങണം, ധന്യരാമൻ പറഞ്ഞു.
ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വനിതാ മതിലിനു മുന്നോടിയായുള്ള പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നു. തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള വീടുകളിൽ അദ്ദേഹം പ്രചാരണം നടത്തുന്നു. ഇത് എന്റെ ചരിത്രപരമായ നിയോഗമാണ്, ജാസി പറഞ്ഞു. നവോത്ഥാന സംരക്ഷണത്തിനായി നടക്കുന്ന വനിതാ മതിൽ ഒരു വൻമതിലായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പ്രതിരോധ കോട്ടയാകും വനിതാ മതിൽ. നാടിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നാഴികക്കല്ലാകുന്ന വനിതാ മതിലിൽ നിന്ന് ആർക്കും മാറിനിൽക്കാനാവില്ല. ഇത് മാനവികതയുടെയും സമത്വത്തിന്റേയും മഹാ സന്ദേശമാണ്, , ജാസി പറഞ്ഞു.
ചരിത്രകാരൻ എം. ജി. എസ് നാരായണൻ, ഡോ. കെ. പി. മോഹനൻ, കെ. അജിത, സി. എസ്. ചന്ദ്രിക, എസ്. ശാരദക്കുട്ടി, തനൂജ എസ്. ഭട്ടതിരി, ഇന്ദു മേനോൻ തുടങ്ങിയവർ നേരത്തെ തന്നെ മതിലിന് പിന്തുണ അറിയിച്ചിരുന്നു.
Post Your Comments