
കുമളി : സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം. സംഭവത്തിൽ യാത്രാസംഘത്തിലെ 11 പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഗർഭിണിയും പിഞ്ചു കുഞ്ഞും ഉൾപ്പെടെ 37 പേർ കൊടിയ തണുപ്പിൽ ബസിനുള്ളിൽ 22 മണിക്കൂർ കുടുങ്ങിക്കിടന്നു.
തിരുവനന്തപുരം വക്കം കുന്നുവിള ഹരിജൻ കോളനിയിലെ ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ 14 സ്ത്രീകളും ഒരു വയസ്സ് മുതൽ പ്രായമുള്ള 16 കുട്ടികളും ഉണ്ടായിരുന്നു. ഭക്ഷണവും വെള്ളവും പോലും വാങ്ങാൻ പണമില്ലാതെ പട്ടിണി കിടന്ന ഇവരെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്ന പണം ഉപയോഗിച്ച് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകി മുതിർന്നവർ പട്ടിണി കിടന്നപ്പോൾ മറ്റുള്ളവർ പോലീസ് സ്റ്റേഷനു പുറത്തു കാത്തു നിന്നു.
ബസ് പാർക്കിങ്ങുമായി ബന്ധപ്പെട്ടായിരുന്നു സഞ്ചാരികളും വനംവകുപ്പ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ 11 പേരെ റിമാൻഡ് ചെയ്തു. സഞ്ചാരികളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 വനപാലകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രണ്ടു കൂട്ടർക്കെതിരെയും കേസ്.
Post Your Comments