KeralaLatest NewsIndia

ഭിന്നതയില്ല: ലോക്‌സഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എയ്‌ക്കൊപ്പം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തുഷാര്‍ വെള്ളാപ്പള്ളി

എന്‍.ഡി.എയുടേതല്ലാത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഇക്കാര്യം പാര്‍ട്ടിയില്‍ ആലോചിക്കണമെന്നതാണ് തങ്ങളുടെ കീഴ്‌വഴക്കം.

തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിലെ നേതാക്കൾ തമ്മിൽ ഭിന്നതയില്ലെന്നും മറ്റു വാർത്തകളെല്ലാം തെറ്റാണെന്നും തുഷാർ വെള്ളാപ്പള്ളി. എൻ ഡി എ യിൽ നിന്ന് ബി ഡി ജെ എസ് വിട്ടു പോരുമെന്ന ന്യൂസും തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിച്ച്‌ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ആദ്യം മുതൽ തന്നെ ബി.ഡി.ജെ.എസ് വിശ്വാസികള്‍ക്കൊപ്പമാണ് നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. കൂടാതെ താൻ വനിതാമതിലിൽ പങ്കെടുക്കില്ലെന്നും തുഷാർ വ്യക്തമാക്കി. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയെക്കുറിച്ച്‌ തന്നോട് അന്ന് ഉച്ചയ്‌ക്ക് മാത്രമാണ് പറയുന്നത്. എന്‍.ഡി.എയുടേതല്ലാത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഇക്കാര്യം പാര്‍ട്ടിയില്‍ ആലോചിക്കണമെന്നതാണ് തങ്ങളുടെ കീഴ്‌വഴക്കം.

ഇതിനുള്ള സമയം കിട്ടാതിരുന്നതിനാലാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത്. എന്നാല്‍ പാര്‍ട്ടിയിലെ 70 ശതമാനത്തോളം നേതാക്കളും പരിപാടിയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമൺ ഭട്ടതിരി വനിതാ മതിലിനെതിരെ രംഗത്തെത്തിയിരുന്നു. തുഷാറിന്റെത് ബിഡിജെഎസ് അഭിപ്രായം അല്ല എസ് എൻ ഡി പിയുടേത് ആയിരിക്കാം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് തുഷാറിന്റെ പ്രതികരണം. ഇടത്, വലത് മുന്നണികളില്‍ ചേരുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്ടിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button