KeralaLatest News

ചികിത്സാ യാത്രകള്‍: ട്രെയിനില്‍ എമര്‍ജന്‍സി ക്വോട്ട സീറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്

കാന്‍സര്‍ രോഗിക്കും സഹായിക്കും ചികിത്സാ യാത്രകളില്‍ റിസര്‍വേഷന്‍ സൗജന്യമാണ്

പാലക്കാട്: അത്യാവശ്യ ചികിത്സാ യാത്രകള്‍ ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വോട്ടയില്‍ സീറ്റുകള്‍ ലഭ്യമാണ്. ഇതിനായുള്ള നിയമവും നിലവിലുണ്ട്. അതേസമയം ടിക്കറ്റ് പരിശോധകര്‍ക്ക് ഈ സീറ്റുകള്‍് അനുവദിച്ചു നല്‍കാന്‍ അധികാരമില്ല. കൂടാതെ ആര്‍എസി, വെയ്റ്റ് ലിസ്റ്റിലുളള യാത്രക്കാര്‍ പരാതിപ്പെടുമെന്നതിനാല്‍ തിരക്കുളള സമയത്തു അവരതിന് മുതിരാറുമില്ല. എമര്‍ജന്‍സി ക്വോട്ടയില്‍ സീറ്റുകള്‍ ലഭിക്കാന്  റിസര്‍വേഷന്‍ ക്ലാര്‍ക്ക് ഡിവിഷന്‍ ഓഫിസുകളില്‍ ബന്ധപ്പെടണം. കൂടാതെ അത്യാവശ്യ യാത്രക്കാര്‍ ചാര്‍ട്ട് തയാറാക്കും മുമ്പേ അപേക്ഷണ നല്‍കണമെന്നും നിര്‍ബന്ധമാണ്.

കാന്‍സര്‍ രോഗിക്കും സഹായിക്കും ചികിത്സാ യാത്രകളില്‍ റിസര്‍വേഷന്‍ സൗജന്യമാണ്. ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു വേണ്ടി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം ഹൃദയ ശസ്ത്രക്രിയയ്ക്കായി രോഗിക്കും സഹായിക്കും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 75% നിരക്കിളവ് ലഭിക്കും.

അതേസമയം ട്രെയിനുള്ളില്‍ വച്ച് അടിയന്തര വൈദ്യസഹായം വേണമെങ്കില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി ട്രെയിനില്‍ യാത്രക്കാരായുള്ള ഡോക്ടര്‍മാരുടെ സേവനമാണ് ആദ്യം തേടാവുന്നത്. കൂടാതെ മെഡിക്കല്‍ ബൂത്തുകളുടെ സേവനവും തേടാം. നിലവില്‍
പാലക്കാട് ഡിവിഷനു കീഴില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് സ്റ്റേഷനുകളിലും, തിരുവനന്തപുരം ഡിവിഷനു കീഴില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളിലും ഈ സേവനം ലഭ്യമാണ്. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.   ചികിത്സ വേണ്ട യാത്രക്കാരുടെ വിവരം ടിടിഇയോ ഗാര്‍ഡോ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതോടെ ഏറ്റവും അടുത്ത സ്റ്റേഷനില്‍ ചികില്‍സാ സഹായം ലഭ്യമാക്കണമെന്നാണു വ്യവസ്ഥ. സ്റ്റേഷന്‍ മാസ്റ്റര്‍ ആംബുലന്‍സ് സംഘടിപ്പിച്ചു ആശുപത്രിയില്‍ എത്തിക്കുകയും വേണം. യാത്രക്കാരുടെ സൗകര്യാര്‍ഥം എല്ലാ സ്റ്റേഷനുകളിലും തൊട്ടടുത്തുളള ആശുപത്രികളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

ട്രെയിന്‍ യാത്രയില്‍ അടിയന്തര ചികിത്സ വേണ്ടിവന്നാല്‍: 138, 182 എന്നീ റെയില്‍വേ ടോള്‍ഫ്രീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. അതേസമയം 182 പ്രധാനമായും സുരക്ഷാ ആവശ്യങ്ങള്‍ക്കു ബന്ധപ്പെടാനുളള നമ്പരാണെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി കണ്ണൂരില്‍ നിന്നും തിരുവന്ത്പുരത്തേയ്ക്ക് മാതാപിതാക്കളോടൊപ്പം പോയ ഒന്നര വയസുകാരി ട്രെയിനിലുള്ളില്‍ വച്ച് മരിച്ചിരുന്നു. സ്ലീപ്പര്‍ കോച്ചുകളില്‍ നിന്ന് നിരവധി തവണ ടിടിഇ ഇറക്കി വിട്ടതിനെ തുടര്‍ന്ന് പനി മൂര്‍ച്ഛിച്ചാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടറുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button