ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്‍പനക്ക് തടയിടുന്ന രീതിയിലുള്ള നിയമഭേദഗതികള്‍ അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കും.
ഇ കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടത്തിലാണ് ഭേദഗതി നടപ്പിലാക്കുക. നിശ്ചിത പരിധിയില്‍ കൂടുതല്‍ ഡിസ്‌കൌണ്ടുകള്‍ നല്‍കുന്നതിനും, ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഡിസ്‌കൌണ്ട് നല്‍കുന്നത് തുടങ്ങിയവക്കാണ് നിരോധനം. നിയമം നടപ്പിലാകുന്നതോടെ രാജ്യത്ത് നിര്‍മാണവും സമ്പാദനവും നടത്തുന്ന കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇ കൊമേഴ്‌സ് കമ്പനികളുടെ പ്ലാറ്റ്‌ഫോം വഴി വിറ്റഴിക്കുന്നതില്‍ നിയന്ത്രണം വരും. ഓണ്‍ലൈന്‍ കമ്പനികളുടെ വമ്പിച്ച വിലക്കിഴിവ്, ക്യാഷ് ബാക്ക്, എക്‌സ്‌ക്ലൂസീവ് സെയില്‍ തുടങ്ങിയവയെ ഈ നിയമഭേദഗതി പ്രതികൂലമായി ബാധിക്കും.
കൂടാതെ പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുമ്പോഴും മറ്റും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രം വിലക്കിഴിവ് നല്‍കുന്ന രീതിയും ഇതോടെ അവസാനിപ്പിക്കേണ്ടി വരും. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവരുടെ ഓണ്‍ലൈന്‍ കച്ചവടം മറ്റ് രീതികളിലുള്ള കച്ചവടത്തെ ബാധിക്കുന്നുവെന്ന പരാതികള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ നീക്കം.
Post Your Comments