തിരുവനന്തപുരം : ഫ്ലെക്സ് കടയുടമയെ ആക്രമിച്ചെന്ന വാർത്ത നിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദ്. കടയുടമ സുരേഷിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിനാലാണ് ആരോപണമുന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഫ്ലെക്സ് അടിക്കണമെങ്കില്‍ കാശ് നല്‍കണമെന്ന് പറഞ്ഞതിനായിരുന്നു ഭീഷണിയും ആക്രണവും ഉണ്ടായതെന്ന് കടയുടമ സുരേഷ് പറഞ്ഞു. ശരത് ചന്ദ്ര പ്രസാദ് അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കടയുടമ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് ശരത് ചന്ദ്ര പ്രസാദ് പറയുന്നതിങ്ങനെ. വെള്ളിയാഴ്ച നടക്കേണ്ട ശലഭമേള പരിപാടിയുടെ ഒമ്പതുവേദികളിലേക്കുള്ള ഫ്ലെക്സ് അടിക്കാന്‍ വ്യാഴാഴ്ച സുരേഷിന് പതിനായിരം രൂപ നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിക്കുള്ളില്‍ ഫ്‌ളക്‌സുകള്‍ തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നാലുമണി മുതല്‍ വിളിച്ചിട്ടും സുരേഷ് ഫോണ്‍ എടുത്തില്ല.
ഒരു തവണ ഫോണ്‍ എടുത്തത് സുരേഷിന്റെ ഭാര്യയാണ്. സുരേഷ് വീട്ടിലില്ലെന്നും പുറത്തുപോയിരിക്കുകയാണന്നും പറഞ്ഞു. വരുമ്പോള്‍ താന്‍ വിളിച്ചിരുന്നെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. അര മണിക്കൂറിനു ശേഷം വിളിച്ചപ്പോള്‍ സുരേഷിന്റെ മകളാണ് ഫോണ്‍ എടുത്തത്. അച്ഛന്‍ വാഹനമോടിക്കുകയാണെന്ന് ആ കുട്ടി പറഞ്ഞു. എന്നാല്‍ ഫോണ്‍ ചെവിയില്‍ വച്ചു കൊടുക്കാന്‍ പറഞ്ഞു. അച്ഛന്‍ തിരിച്ചു വിളിക്കുമെന്നായിരുന്നു ആ കുട്ടി അപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആറയായിട്ടും സുരേഷ് തിരിച്ചു വിളിച്ചില്ല.
തുടര്‍ന്ന് ഓഫീസിലെ ചില ആളുകളെ അയ്യായിരം രൂപയും കൊടുത്ത് അവിടേക്കു പറഞ്ഞുവിട്ടു.അവിടെ ചെന്ന അവര്‍, ഫ്ലെക്സുകൾ അടിച്ചിട്ടില്ലെന്ന് തന്നെ വിളിച്ചു പറഞ്ഞു. ഫോണ്‍ സുരേഷിനു കൊടുക്കാന്‍ അവരോടു പറഞ്ഞെങ്കിലും വാങ്ങാന്‍ സുരേഷ് തയ്യാറായില്ല. തുടര്‍ന്ന് താന്‍ സുരേഷിന്റെ കടയിലെത്തുകയും ഫ്‌ളക്‌സ് അടിച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍പണം നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു.
തുടർന്ന് സുരേഷ് കൈ ചൂണ്ടിക്കൊണ്ട് മോശമായി സംസാരിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് സുരേഷിന്റ കൈ തട്ടിമാറ്റിയതും അവിടെക്കിടന്ന കസേര എടുത്തെറിഞ്ഞതും. എന്നാൽ കടയിൽ സിസിടിവി ഉണ്ടെന്ന് സുരേഷ് തന്നോട് പറഞ്ഞുവെന്നും ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.
Post Your Comments