Latest NewsIndia

‘തെലങ്കാനയില്‍ ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണു സിപിഎം ശ്രമിച്ചത്’ : പാർട്ടിക്കുള്ളിൽ വിമർശനം

പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് മുന്നണി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളുടെ ജാതി എടുത്തുകാട്ടി.

ന്യൂഡല്‍ഹി: ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണു സിപിഎം തെലങ്കാനയില്‍ ശ്രമിച്ചതെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി (സിസി) റിപ്പോര്‍ട്ടില്‍ വിമര്‍ശനം. റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ,തെലങ്കാനയില്‍ സിപിഎം രൂപംകൊടുത്ത ബഹുജന്‍ ഇടതു മുന്നണി (ബിഎല്‍പി) ആകെയുള്ള 119 സീറ്റില്‍ 107 ല്‍ മല്‍സരിച്ചു. ഒരിടത്തും ജയിച്ചില്ല. പാര്‍ട്ടി 26 സീറ്റില്‍ മല്‍സരിച്ചു, 0.4 % വോട്ട് ലഭിച്ചു. പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് മുന്നണി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളുടെ ജാതി എടുത്തുകാട്ടി.

മറ്റു മാനദണ്ഡങ്ങള്‍ ഒഴിവാക്കി ജാതിസ്വത്വത്തിന് ഊന്നല്‍ നല്‍കിയത്, മുന്നണിയെ ജാതിയടിസ്ഥാനത്തിലുള്ള കൂട്ടായ്മയാക്കി മാറ്റി. വര്‍ഗവശത്തിനും ഊന്നല്‍ നല്‍കണമെന്ന അടിസ്ഥാന നിലപാടിനു വിരുദ്ധമാണിത്. മാത്രമല്ല, മുഖ്യമന്ത്രിയെയും പുതിയ സര്‍ക്കാരിനെയും കുറിച്ചുള്ള പരാമര്‍ശം യാഥാര്‍ഥ്യത്തിനു നിരക്കുന്നതായിരുന്നില്ല.ഇങ്ങനെയാണ് തെലങ്കാനയിലെ റിപ്പോർട്ട്.

ഒരു എംഎല്‍എ പോലുമില്ലാത്ത രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പാര്‍ട്ടിയുള്‍പ്പെട്ട മുന്നണി ഭാവിച്ചപ്പോള്‍ പൊളിറ്റ്ബ്യൂറോ (പിബി) ഇടപെടേണ്ടി വന്നുവെന്നും കഴിഞ്ഞ 16ന് സിസി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Post Your Comments


Back to top button