Latest NewsKerala

സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു; പ്രതിസന്ധിയില്‍ കുരുങ്ങി വഖഫ് ബോര്‍ഡ്

സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കാതെ കേരള വഖഫ് ബോര്‍ഡ്. ബജറ്റില്‍ വകയിരുത്തിയ തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബോര്‍ഡ്. പെന്‍ഷന്‍, ചികിത്സാ സഹായം തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്ക് പോലും പണം നല്‍കാനാകുന്നില്ല.

2017 -18 സാമ്പത്തിക വര്‍ഷം അനുവദിച്ചതില്‍ 1 കോടി 60 ലക്ഷം രൂപ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ 60 ലക്ഷം പിന്നീട് തിരികെ വഖഫ് ബോര്‍ഡിന് നല്‍കിയില്ല. 2018-19 വര്‍ഷം ഒരു കോടി 20 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇതുവരെ ലഭിച്ചത് 20 ലക്ഷം രൂപ മാത്രമാണ്. ഇതാണ് ബോര്‍ഡിന് കടുത്ത സാമ്പത്തിക പ്രതിസന്ധി വരാന്‍ കാരണം. തുടര്‍ന്ന് വഖഫ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍,അറബി ഭാഷ പണ്ഡിതര്‍, ഇമാമുമാര്‍ തുടങ്ങിയവരുടെ പ്രതിമാസ പെന്‍ഷനും മുടങ്ങി. ചികിത്സാ,വിവാഹം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായ വിതരണവും നിലച്ചു. ഭിന്ന ശേഷിക്കാര്‍ക്കുള്ള സഹായവും നല്‍കാനും ഫണ്ടില്ലാതായി മാറി.ചരിത്രത്തിലാദ്യമായാണ് സര്‍ക്കാറില്‍നിന്ന് പണം കിട്ടാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നതെന്ന് ബോര്‍ഡ് യോഗം കുറ്റപ്പെടുത്തി.

ഇതുവരെയുള്ള കണക്കുകള്‍നോക്കുമ്പോള്‍ എട്ട് കോടിയലിധകം രൂപ വഖഫ് ബോര്‍ഡിന് ആവശ്യമായി വരും. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ച ബോര്‍ഡ് ധനമന്ത്രിയെ നേരില്‍ കാണാനും തീരുമാനിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് വൈകുമ്പോള്‍ ബോര്‍ഡ് തനത് ഫണ്ടില്‍ നിന്ന് ചില ക്ഷേമപദ്ധതികള്‍ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ഇതും ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button