ഭര്‍ത്താവും മകനും രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയപ്പോഴും ഹേമ അസീസ് എന്ന അമ്മ തളര്‍ന്നില്ല. പട്ടാളക്കാരനായ ഭര്‍ത്താവ് മരിച്ചപ്പോഴും എട്ടുവയസുകാരന്‍ മകന്‍ ഹനീഫുദ്ദീനെ പഠിപ്പിച്ച് സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു ഹേമ. ഇന്നിപ്പോള്‍ ഇവരുടെ ത്യാഗോജ്വലമായ ജീവിതത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുകയാണ് ഒരു പട്ടാള മേധാവിയുടെ ഭാര്യ രചന ഭിഷ്ട.
ഭര്‍ത്താവ് മരിച്ചതിനു ശേഷം ഹേമയാണ് കുടുംബത്തിന്റെ ഭാരം മുഴുവന്‍ വഹിച്ചത്. ഭര്‍ത്താവിന്റെ രക്തസാക്ഷിത്വത്തിന് പകരം സര്‍ക്കാര്‍ നല്‍കിയ പെട്രോള്‍ പമ്പ് സ്വീകരിക്കാതെ കുട്ടികളെ ശാസ്ത്രീയസംഗീതം പഠിപ്പിച്ചാണ് ഹേമ കുടുംബം പുലര്‍ത്തിയത്. ആരുടെ മുമ്പിലും എന്തു വന്നാലും കൈനീട്ടരുതെന്ന് മകനോട് എപ്പോഴും ഈ അമ്മ പറയുമായിരുന്നു. സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ യൂണിഫോം പോലും ഈ അമ്മ വാങ്ങിക്കാന്‍ സമ്മതിച്ചിരുന്നില്ല. അമ്മയുടെ അഭിമാനമുണ്ടാകുന്ന വിധം തന്നെയാണ് മകന്‍ ഹനീഫുദ്ദീനും വളര്‍ന്നത്. പിന്നീടേ അച്ഛന്റെ പാത തന്നെ ഹനീഫും തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം പട്ടാളത്തില്‍ പോകുമ്പോള്‍ പ്രിയപ്പെട്ട മകന് ഉപദേശം നല്‍കാനും അമ്മ മറന്നില്ല. നിന്റെ ജീവന് വേണ്ടി മറ്റുള്ളവരുടെ ജീവന് ബലി നല്‍കരുതെന്നാണ് ഹേമ പറഞ്ഞത്. തുടര്‍ന്ന് 25ാം വയസില്‍ ക്യാപ്റ്റന്‍ പദവിയിലെത്തിയ ഹനിഫുദ്ദീനെ തേടിയെത്തിയത് പിതാവിന്റെ അതേ വിധി തന്നെയായിരുന്നു. കാര്‍ഗിലില്‍ നടന്ന് വെടിവെയ്പ്പിലാണ് ഹനീഫുദ്ദീന്‍ മരിച്ചത്. എന്നാല്‍ വെടിവെയ്പ്പ് ഏതാനും ദിവസം കൂടി തുടര്‍ന്നതിനാല്‍ ഹനീഫുദ്ദീന്റെ മൃതദേഹം കണ്ടെത്തുക പ്രയാസമായിരുന്നു. പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്താന്‍ അന്വേഷണസംഘത്തെ അയക്കാം എന്നു പറഞ്ഞപ്പോള്‍, എന്റെ മരിച്ചു പോയ മകനുവേണ്ടി മറ്റൊരു മകന്റെ ജീവന് പണയംവെയ്ക്കേണ്ട, എനിക്കവന്റെ മൃതദേഹം കാണാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല എന്നായിരുന്നു ഈ അമ്മയുടെ മറുപടി.
Post Your Comments