തിരുവനന്തപുരം :ലോകചരിത്രത്തിൽ ഇടം നേടുന്ന സമാനതകളില്ലാത്ത സാമൂഹ്യമുന്നേറ്റമാകും വനിതാ മതിലെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യാഥാസ്ഥിതികരും പരിഷ്കരണവാദികളും തമ്മിലുള്ള ആശയപോരാട്ടമാകും വനിതാമതിൽ. കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിലിൽ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 22 ലക്ഷത്തിലധികം വനിതകളെ അണിനിരത്തും. മറ്റു സംഘടനകളും അണിനിരത്തുന്ന വനിതകളുടെ കണക്കിന് പുറമേയാണിത്. ഇത്രയധികം വനിതകൾ അണിനിരക്കുന്നതിനാൽ ഗിന്നസ് റെക്കോർഡിനടക്കം സാധ്യതയുണ്ട്.
ഗിന്നസ് അധികൃതർ അടക്കം ഇതുസംബന്ധിച്ച് ബന്ധപ്പെട്ടിട്ടുണ്ട്. മതേതര, ജനാധിപത്യ മൂല്യങ്ങൾ കാംക്ഷിക്കുന്ന ആർക്കും ഈ മതിലുമായി സഹകരിക്കാമെന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ മതിൽ ജാതിക്കും മതത്തിനും അതീതമാണ്. കേരള സാമൂഹിക, രാഷ്ട്രീയ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന ഉജ്ജ്വലമായ പ്രതികരണമായിരിക്കും വനിതാമതിലിൽ. സംഘാടനവുമായി ബന്ധപ്പെട്ട് തഴേത്തട്ടിലെ ഘടകങ്ങൾ സജീവമയതായി സമിതി യോഗം വിലയിരുത്തി.
കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഭവനസന്ദർശനം, വിളംബര കാൽനടയാത്രകൾ, ബൈക്ക് റാലികൾ, ചുവരെഴുത്ത് തുടങ്ങിയവ നടത്തുന്നുണ്ട്. സമിതിയുടെ നേതൃത്വത്തിൽ അണിനിരക്കുന്ന സംഘടനകൾ അവരുടെ സംഘടനയുടേയോ പാർട്ടിയുടേയോ കൊടിയോ അടയാളങ്ങളോ ഉപയോഗിക്കില്ല. കാമ്പയിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ മാത്രമേ ഉയർത്തിക്കാട്ടൂ. 174 സംഘടനകളാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അണിനിരക്കുന്നത്. ഇതിൽ ഓരോ സംഘടനകളും അണിനിരത്തുന്ന വനിതകളുടെ എണ്ണത്തിൽ ധാരണയായിട്ടുണ്ട്.
വനിതാമതിൽ കേരള സമൂഹത്തിന്റെ മനസിൽ ഇടംനേടുകയാണ്. വിവിധ സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന അഭിമാനകരമായ മുന്നേറ്റമാണിത്. വിവിധ വിഭാഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ലിംഗവിവേചനത്തിന് എതിരായും സ്ത്രീശാക്തീകരണത്തിനും എതിരായ മുന്നേറ്റമായതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായമൊന്നും സമിതി സ്വീകരിക്കുന്നില്ല. താഴേത്തട്ടിലുള്ള സമിതിയുടെ ഘടകങ്ങളാണ് സംഘാടനപ്രക്രിയകളും വനിതകളെ എത്തിക്കാനുള്ള നടപടികളും കൈക്കൊള്ളുന്നത്.
ജനുവരി ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് വനിതാമതിലിൽ അണിനിരക്കേണ്ടവർ ദേശീയപാതയിൽ എത്തണം. മൂന്നേമുക്കാലിന് മതിലിന്റെ റിഹേഴ്സൽ നടക്കും. നാലുമണിക്ക് വനിതാമതിൽ രൂപീകരിക്കും. 4.15 വരെ തുടരും. തുടർന്ന് മതേതര നവോത്ഥാന മൂല്യങ്ങൾ പ്രോജ്ജ്വലിപ്പിക്കുന്ന പ്രതിജ്ഞ ചൊല്ലും. തുടർന്ന് നടക്കുന്ന യോഗത്തിൽ സാമൂഹ്യ, സാംസ്കാരിക പ്രമുഖർ പങ്കെടുക്കും. കാസർകോട്ട് വനിതാ-ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചറും തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയനും യോഗങ്ങളിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സമിതി ട്രഷറർ അഡ്വ. കെ. സോമപ്രസാദ്, വൈസ് ചെയർമാൻമാരായ ബി. രാഘവൻ, സി.കെ. വിദ്യാസാഗർ, വനിതാ സെക്രട്ടേറിയറ്റ് കൺവീനർ അഡ്വ. കെ. ശാന്തകുമാരി, സമിതി ജോയൻറ് കൺവീനർമാരായ പി.ആർ. വിദ്യാസാഗർ, സി.പി. സുഗതൻ, ആലുവിള അജിത്, അഡ്വ. കലേഷ്, നെടുമം ജയകുമാർ, സി.കെ. രാഘവൻ, എ.കെ. സജീവ്, എൽ. അജിതാകുമാരി, സുജാ സതീഷ്, ലൈലാ ചന്ദ്രൻ, അഡ്വ. എ. ശ്രീധരൻ, കെ.കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments