തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ മടങ്ങി പോകേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലുള്ള കുറേ ഭക്തര്‍ പ്രകോപിതരായി നി്ല്‍ക്കുകയാണ്. അവരെ സംരക്ഷിക്കേണ്ടതും പോലീസിന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യം കണക്കിലെടുത്ത് യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും നടക്കുന്നത്. എന്നാല്‍ തിരിച്ചു പോകില്ലെന്ന ഉറച്ച നിലപാടിലാണ് യുവതികള്‍. അതുകൊണ്ടുതന്നെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പോലീസ് അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ്.
പമ്പ മുതല്‍ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ പാവപ്പെട്ട ഭക്തരെയും ബാധിക്കും. അത് കൊണ്ടാണ് പോലീസിന് അവരെ പിന്തിരിപ്പിക്കേണ്ടിവരുന്നത്. ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശബരിമലയില്‍ എത്ര കക്കൂസുണ്ട്, കുളിമുറിയുണ്ടെന്ന കണക്കെടുപ്പ് നടത്താന്‍ മാത്രമല്ല സമിതിയെന്നും കടകംപള്ളി പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പ്രത്യേക സാഹചര്യത്തിലാണ് സമിതിയെ നിയോഗിച്ചത്. അവര്‍ സര്‍ക്കാരിനേയും ദേവസ്വംബോര്‍ഡിനേയും ക്രമസമാധാന പ്രശ്നങ്ങളെ സംബന്ധിച്ച് ഉപദേശിക്കണം. മറ്റു കാര്യങ്ങള്‍ നോക്കാന്‍ നേരത്തെ തന്നെ അവിടെയൊരു കമ്മീഷനുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments