Latest NewsInternational

യു.എസില്‍ ഭരണസ്തംഭനം : സര്‍ക്കാര്‍ ഖജനാവ് ഭാഗികമായി പൂട്ടി

വാഷിങ്ടണ്‍: അമേരിക്കയില്‍ ഭരണസ്തംഭനം. അനധികൃത കുടിയേറ്റം തടയാനുള്ള മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിന് ഫണ്ടനുവദിക്കാനുള്ള ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതോടെയാണ് യു.എസില്‍ ഭാഗിക ഭരണസ്തംഭനം ഉടലെടുത്തത്. ബില്‍ പാസാക്കാനാകാതെ സെനറ്റ് പിരിഞ്ഞതിനുപിന്നാലെ സര്‍ക്കാര്‍ ഖജനാവ് ഭാഗികമായി പൂട്ടി.

ഖജനാവ് പൂട്ടിയതോടെ സ്ഥാപനങ്ങള്‍ ഓരോന്നായി അടച്ചുതുടങ്ങി. ആഭ്യന്തര സുരക്ഷ, കൃഷി, ഗതാഗതം, വിദേശകാര്യം, നിയമം തുടങ്ങി സുപ്രധാന വിഭാഗങ്ങളുടെ ഏതാനും ഓഫീസുകളും ഇതില്‍പ്പെടുന്നു.

ഖജനാവ് പൂട്ടിയതോടെ എട്ടുലക്ഷത്തോളം സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാതെ ജോലിചെയ്യേണ്ടിവരികയോ താത്കാലിക അവധിയില്‍ പ്രവേശിക്കേണ്ടിവരികയോ ചെയ്യും. യു.എസിന്റെ സ്‌പേസ് ഏജന്‍സിയായ നാസയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരോടും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയോദ്യാനങ്ങള്‍ പ്രവര്‍ത്തിക്കുമെങ്കിലും അവിടങ്ങളിലെയും ഭൂരിഭാഗം ഉദ്യോഗസ്ഥരെയും അവധിയില്‍ വിട്ടു. അതേസമയം, പ്രധാന വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാവില്ലെന്ന് വൈറ്റ്ഹൗസ് അധികൃതര്‍ പറഞ്ഞു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിന് 500 കോടി ഡോളര്‍ (ഏകദേശം 35,000 കോടിരൂപ) ആവശ്യപ്പെട്ടുള്ളതാണ് ബില്‍. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയംഗങ്ങള്‍ എതിര്‍ത്തതോടെ ബില്ലിന് സെനറ്റ് കടക്കാനായില്ല. 100 അംഗ സെനറ്റില്‍ 51 പേരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നത്. ബില്‍ പാസാക്കാന്‍ 60 പേരുടെ പിന്തുണവേണം.

പ്രതിസന്ധിക്കുപിന്നില്‍ ഡെമോക്രാറ്റുകളാണെന്ന് ട്രംപ് ആരോപിച്ചു. ഖജനാവ് പൂര്‍ണമായി അടച്ചിടണമോയെന്ന് തീരുമാനിക്കാനുള്ള അവസരം ഡെമോക്രാറ്റുകള്‍ക്കാണ്. ഖജനാവ് പൂര്‍ണമായി അടയ്‌ക്കേണ്ട അവസ്ഥയുണ്ടാവില്ലെന്നാണ് പ്രതീക്ഷ. എന്നാല്‍, ഏറെക്കാലത്തേക്ക് ഖജനാവ് അടച്ചിടാന്‍ തങ്ങള്‍ പൂര്‍ണമായും സജ്ജരാണ് -ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. ഭരണസ്തംഭനം എത്രനാള്‍ തുടരുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button