ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പണമില്ലാതെ വിയര്‍ത്ത് സര്‍ക്കാറുകള്‍. കര്‍ഷകര്‍ക്ക് കൊടുത്ത വാക്ക് നിറവേറ്റാനാകുമോ എന്ന ആശങ്കയിലാണ് അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കയറിയ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളാണ് വേണ്ടത്ര ഫണ്ടില്ലാതെ ആശങ്കയിലായിരിക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 1,86,683 കോടി രൂപയാണ് മധ്യപ്രദേശ് ബജറ്റില്‍ വകയിരുത്തിയത്. ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇതില്‍ 1,25,000 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്റെ അധികബാധ്യത കൂടിയാകുമ്പോള്‍ ഖജനാവ് കാലിയാകുമെന്നതാണ് സംസ്ഥാനത്തെ അവസ്ഥ. കടമെടുക്കാവുന്നതിന്റെ 90 ശതമാനവും തിരഞ്ഞെടുപ്പിനു മുന്നോടിയായി എടുത്തു കഴിഞ്ഞതായും ധനവകുപ്പ് വ്യക്തമാക്കുന്നു.
രാജസ്ഥാനില്‍ ബജറ്റ് തുകയുടെ ആറില്‍ ഒന്നാണ് എഴുതിത്തള്ളിയ കടങ്ങള്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ 1,07,865 കോടിയാണ് സംസ്ഥാനത്തെ ബജറ്റ് വകയിരിപ്പ്. ഇതില്‍ 77,000 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണമെങ്കില്‍ ബജറ്റ് തുകയുടെ 25 ശതമാനമെങ്കിലും നീക്കിയിരിപ്പ് ആവശ്യമാണ്. അധികമായി വരുന്ന ബാധ്യത ധനക്കമ്മി ഉയരുന്നതിനു കാരണമാകുമെന്നു രാജസ്ഥാന്‍ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ പ്രഫസര്‍ വി.വി.സിങ് പറയുന്നു. 36,000 കോടി കടമെടുക്കാവുന്നതില്‍ 25,000 കോടി രൂപയും എടുത്തു കഴിഞ്ഞതായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സമ്മതിക്കുന്നു.
ഛത്തീസ്ഗഡില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും നെല്ലിന്റെയും ചോളത്തിന്റെയും താങ്ങുവില വര്‍ധിപ്പിക്കുകയും ചെയ്തതിലൂടെ ആകെ ബജറ്റ് തുകയുടെ പത്തില്‍ ഒരു ശതമാനം സര്‍ക്കാരിന് അധികബാധ്യതയാണെന്നാണ് കണക്കുകൂട്ടല്‍. 83,179 കോടി രൂപയാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഛത്തിസ്ഗഡിലെ ബജറ്റ് നീക്കിയിരിപ്പ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ്, പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്‍ എന്നിവരാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ പ്രതികരിച്ച പ്രമുഖര്‍. രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന രീതി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇരുവരുടെയും വാദം.
Post Your Comments