തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രതിഷേധത്തില്‍ പോലീസ് വെടിവച്ചത് ചട്ടം ലംഘിച്ച്. കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 2018 മെയിലാണ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സംസ്‌കരണശാലയ്ക്കുനേരെ സമരം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി വിദഗ്ധരെ ഉപയോഗിച്ച് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെട്ടത്. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവിട്ടിരുന്നില്ല. ‘ഇതില്‍ രണ്ട് പേര്‍ മരിച്ചത് തലയ്ക്ക് വെടിയേറ്റാണ്. കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായ ജെ സ്‌നോലിന്റെ (17)തലയ്ക്ക് പിന്നില്‍ വെടിയേറ്റ ശേഷം വായിലൂടെ വെടിയുണ്ട പുറത്ത് വന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി’ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതു സംബന്ധിച്ച് സ്നോളിന്റെ കുടുംബാംഗങ്ങളോടു പരാമര്‍ശിച്ചപ്പോള്‍ തങ്ങള്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പ്രതികരണം. മകന്‍ മരിച്ച ദു:ഖത്തില്‍നിന്നു താന്‍ പുറത്തുകടക്കാന്‍ ശ്രമിക്കുകയാണെന്ന് കൗമാരക്കാരന്റെ അമ്മ പറഞ്ഞു. നാല്‍പ്പതുകാരി ജാന്‍സിയുടെ ചെവി തുളച്ചു വെടിയുണ്ട പുറത്തുപോയി.
ജനങ്ങളുടെ പ്രതിഷേധത്തിനു നേരെ വെടിയുതിര്‍ക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, കൊല്ലുക എന്ന ഉദ്ദേശത്തോടെ ആകരുത് എന്ന് പറയുന്നുണ്ട്. അരയ്ക്കു താഴെയാണ് വെടിവെക്കേണ്ടതെന്നും ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ആള്‍ക്കൂട്ടത്തിനു നേരെ മാത്രമേ അത് പ്രയോഗിക്കാവൂ എന്നുമാണ് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കരുതലുകളെല്ലാം മറികടന്നുകൊണ്ടുള്ള നരഹത്യയായിരുന്നു തൂത്തുക്കുടിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തുറമുഖ നഗരമായ തൂത്തുക്കുടിയിലെ പ്രാദേശിക സര്‍ക്കാര്‍ ഭരണകേന്ദ്രത്തിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനം നടത്തവെയാണു പോലീസ് വെടിവച്ചത്. ലണ്ടന്‍ ആസ്ഥാനമായ വേദാന്ത കമ്ബനിയുടെ പ്ലാന്റ് പരിസ്ഥിതി വ്യാപകമായി മലിനപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു പ്രകടനം.
വെടിവയ്പില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെ പോലും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് വെടിയുതിര്‍ത്തതെന്നായിരുന്നു പോലീസ് ഇതു സംബന്ധിച്ചു നല്‍കിയ വിശദീകരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ചു പ്രതികരണത്തിനായി പോലീസിനെയും തൂത്തുക്കുടി ജില്ലാ കളക്ടറെയും റോയിട്ടേഴ്സ് ബന്ധപ്പെട്ടെങ്കിലും പ്രതികരണത്തിന് തയാറായില്ല.
:
Post Your Comments