കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി 26ന് കാസര്‍കോട് ഹൊസങ്കടിയില്‍ നിന്ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി പാറശ്ശാലയിൽ നിന്ന് കന്യാകുമാരി ത്രിവേണീ സംഗമം വരെ നീട്ടി. ശബരിമല കർമ്മ സമിതി തമിഴ്‌നാട് ഘടകത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. പത്ത് ലക്ഷത്തിന് മേല്‍ വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ 795 കിലോമീറ്റര്‍ ദൂരമാകും അയ്യപ്പജ്യോതി തെളിയുക.
ക്ഷേത്രാചാരങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് ഭക്തര്‍ നല്‍കുന്ന മറുപടിയായാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി തെളിയിക്കുന്നത്. താലത്തിലേന്തിയ ചിരാതില്‍ എള്ളുകിഴിയാണ് കത്തിക്കുന്നത്. വൈകിട്ട് 4.30ന് വിശ്വാസികള്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരും. പ്രധാന കേന്ദ്രങ്ങളില്‍ നടക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനങ്ങളോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
സമ്മേളനങ്ങള്‍ അഞ്ചിന് ആരംഭിക്കും. ശരണം മുഴക്കിയാവും സമ്മേളനങ്ങള്‍ക്ക് തുടക്കം. കൊളത്തൂര്‍ അദ്വൈത ആശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം സമ്മേളനത്തില്‍ കേള്‍പ്പിക്കും. ആറുമണിക്കു തന്നെ ദീപം തെളിക്കും. 6.30ന് അവസാനിക്കും. ഓരോ കിലോമീറ്ററിലും സാഹിത്യ-സാംസ്‌കാരിക നായകന്മാര്‍, സമുദായാചാര്യന്മാര്‍, സന്ന്യാസി ശ്രേഷ്ഠന്മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും.
Post Your Comments