ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്ത അല്‍ക്ക ലാംബ എംഎല്‍എയോട് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന എഎപിയുടെ പ്രമേയത്തെ പിന്തുണക്കാന്‍ അല്‍ക്ക ലാംബ തയാറായിരുന്നില്ല. അരവിന്ദ് കെജ്രിവാള്‍ രാജി ചോദിച്ചതായി സ്ഥിരീകരിച്ച അല്‍ക്ക ഉടന്‍ രാജിക്കത്ത് നല്‍കുമെന്ന് അറിയിച്ചു.
വെള്ളിയാഴ്ചയാണ് പ്രമേയം ഡല്‍ഹി നിയസഭ പാസാക്കിയത്. എഎപി എംഎല്‍എ ജെര്‍ണയില്‍ സിങ് അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്. പ്രമേയത്തെ പിന്തുണക്കാന്‍ കനത്ത സമ്മര്‍ദമുണ്ടെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. അതെ സമയം സഭയിൽ വച്ച യഥാർഥ പ്രമേയത്തിൽ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎൽഎ സോമനാഥ് ഭാരതിനൽകിയ എഴുത്ത് മറ്റൊരു എംഎൽഎയായ ജർണെയ്ൽ സിങ് ഭേദഗതിയായി വായിക്കുകയായിരുന്നുവെന്നുമാണ് എഎപി നൽകുന്ന വിശദീകരണം.
സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്നാണ് പ്രമേയത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റു കേസുകളിൽക്കൂടി വിചാരണ വളരെവേഗം തീർപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രമേയം പാസാക്കിയ യോഗത്തില്‍ നിന്ന് അല്‍ക്ക ലാംബ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പ്രമേയത്തെ പിന്തുണക്കാത്തതിന്റെ പേരില്‍ എന്ത് പ്രത്യാഘാതം വന്നാലും നേരിടാന്‍ തയാറാണെന്ന് അല്‍ക്ക ലാംബ പ്രതികരിച്ചതിന് പിന്നാലെയാണ് അവരോട് രാജിവെക്കാന്‍ എഎപി നേതൃത്വം ആവശ്യപ്പെട്ടത്.
Post Your Comments