സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും എന്‍എസ്എസുമായി ഇടയുന്നു. ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ പങ്കെടുക്കുമെന്ന ജി സുകുമാരന്‍ നായരുടെ പരസ്യ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. സമദൂരം വെടിഞ്ഞ് എന്‍എസ്എസ് ബിജെപിയ്‌ക്കൊപ്പം പോകുമോ എന്നാണ് കോൺഗ്രസ്സിന്റെ ആശങ്ക. തെക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള നാല് സീറ്റുകളില്‍ എന്‍എസ്എസ് നിലപാട് നിര്‍ണായകമാണ്.
ഇവിടെ പിന്തുണ ബിജെപിക്കായാല്‍ അവര്‍ ജയിച്ചു കയറും. ഈയൊരു അവസ്ഥയില്‍ എന്‍എസ്എസിനെ പിണക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇനിയും നിശ്ബദമായി ഇരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. ജി സുകുമായരുടെ ആഹ്വാനം കോണ്‍ഗ്രസുകാരായ എന്‍എസ്എസ് അണികള്‍ കേള്‍ക്കില്ലെന്ന പരസ്യപ്രസ്താവന രമേശ് ചെന്നിത്തല നടത്തിയത് ഈ അതൃപ്തിയുടെ പ്രതിഫലനമാണ്. ഇത്തരം വിഷയങ്ങളില്‍ എന്‍എസ്എസ് തുറന്ന നിലപാടിലേക്ക് പോകുന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മൃദു സമീപനത്തില്‍ എന്‍എസ്എസിന് ശക്തമായ അമര്‍ഷമുണ്ട്. പ്രത്യക്ഷ സമരത്തില്‍ കോണ്‍ഗ്രസ് ഇറങ്ങാത്തത് അണികളിലും എതിര്‍പ്പുണ്ടാക്കി. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥമായി രംഗത്തുള്ളവര്‍ക്ക് സമുദായാംഗങ്ങള്‍ വോട്ടു ചെയ്യുമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് ബിജെപിയെ ഉദ്ദേശിച്ചാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
Post Your Comments