ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി വിമാനങ്ങള്‍ വാങ്ങിയതില്‍ വലിയ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് . എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി എയര്‍ബസ് കമ്പനിയില്‍ നിന്നും 111 വിമാനങ്ങളായിരുന്നു വാങ്ങിയത്. ഇതിനായി 70,000 കോടി രൂപയായിരുന്നു ചിലവായത്. ഈ ഇടപാടില്‍ ചില സര്‍ക്കാരിതര സംഘനടകള്‍ക്ക് വലിയ തോതില്‍ പണം ലഭിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് വകുപ്പ് ഇതേപ്പറ്റി അന്വേഷണം നടത്തുകയാണ്. പണം ലഭിച്ച സര്‍ക്കാരിതര സംഘനടകള്‍ ഇടപാടിലെ ഇടനിലക്കാരുടേതാണ്. സന്നദ്ധ പ്രവര്‍ത്തനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനം ഒരുക്കല്‍ എന്നിങ്ങനെ പല രീതികളിലായിട്ടാണ് എയര്‍ബസ് കമ്പനി ഇടനിലക്കാര്‍ക്ക് പണം നല്‍കിയിട്ടുള്ളത്. വലിയ കമ്പനികള്‍ തങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നും ഒരു തുക സാമൂഹ്യ സേവനങ്ങള്‍ക്ക് മാറ്റിവെക്കണമെന്ന് നിയമമുണ്ട്.
ഇതിന്റെ മറവില്‍ ദീപക് തല്‍വാര്‍ എന്നയാളുടെ പേരിലുള്ള കമ്പനിക്ക് എയര്‍ബസ് പണം നല്‍കിയിട്ടുണ്ട്. ദീപക് തല്‍വാറിന്റെ പണമിടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പും സി.ബി.ഐയും അന്വേഷിച്ച് വരികയാണ്. വിമാനയിടപാടിനെപ്പറ്റി അമേരിക്കയിലെ നീതിന്യായ വകുപ്പ് അന്വേഷിച്ചുവരികയാണെന്ന് ഫ്രഞ്ച് പത്രം ലേ മണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപക് തല്‍വാറിന്റെ പേരിലുള്ള അഡ്വാന്റേജ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്കാണ് എയര്‍ബസ് പണം നല്‍കിയിട്ടുള്ളത്. എയര്‍ബസ് കൂടാതെ മിസൈല്‍ നിര്‍മാതാക്കളായ എം.ബി.ഡി.എയും അഡ്വാന്റേജ് ഇന്ത്യയ്ക്ക് പണം കൈമാറിയിട്ടുണ്ട്.
2012 ജൂണ്‍ മുതല്‍ 2015 ഏപ്രില്‍ വരെ 90.72 കോടി രൂപ ഈ സ്ഥാപനത്തിന് ലഭിച്ചുവെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇടപാടില്‍ കോഴക്കളിയുണ്ടെന്ന് തെളിഞ്ഞാല്‍ എയര്‍ബസ് കമ്പനി വലിയ തുക പിഴയൊടുക്കേണ്ടി വരുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യ, മലേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചതില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെയാണ് ലയനം നടന്നത്.
Post Your Comments