ചണ്ഡീഗഡ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങൾ ബിജെപി ക്ക് നഷ്ടമായപ്പോൾ ബിജെപി തരംഗം അവസാനിച്ചു എന്ന് വിധിയെഴുതിയവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു വീണ്ടും ഒരു തെരഞ്ഞെടുപ്പ് ഫലം. ഹരിയാനയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് കോര്‍പ്പറേഷനുകളിലും വിജയം നേടി ബിജെപി. അഞ്ചിടത്തും മികച്ച വിജയം നേടിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മേയര്‍മാരായി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും അവർ സ്വതന്ത്രര്‍ക്കു പിന്തുണ നല്‍കിയിരുന്നു.
ആദ്യമായി നഗരസഭാ മേയര്‍മാരെ ഇത്തവണ നേരിട്ടു ജനങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രി ഘട്ടറിന്റെ ജന്മനാടായ കര്‍ണലില്‍ ഐ.എന്‍.എല്‍.ഡി-ബി.എസ്‌പി സഖ്യവും കോണ്‍ഗ്രസും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു.അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കും നേരിട്ടാണ് തിരഞ്ഞെടുപ്പ്. ശക്തമായ സുരക്ഷയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ബിജെപിക്ക് ആശ്വാസം പകരുന്ന ഫലങ്ങളാണ് അസമില്‍ നിന്നും ഹരിയാനയില്‍ നിന്നും വരുന്നത്. അസം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി ശക്തമായ വിജയമാണ് നേടിയിരിക്കുന്നത്.ഡിസംബര്‍ അഞ്ച് മുതല്‍ ഒൻപത് ഘട്ടങ്ങളായി അസം ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയത്. സംസ്ഥാനത്ത് ആകെയുള്ള 21990 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 9025 സീറ്റുകളിലാണ് ബിജെപി വിജയിച്ച് കയറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വിജയം സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവായി ബിജെപി കണക്കാക്കുന്നു.
Post Your Comments