ഇടുക്കി : ആകെയുണ്ടായിരുന്ന പത്ത് സെന്‍റ് സ്ഥലവും പുരയിടവും മകളുടെ ചികില്‍സക്കായി വിറ്റു. ഇപ്പോള്‍ തിരുവനന്തപുരം ഉളളൂരുളള ഒരു വാടക വീട്ടിലാണ് അതുല്യയുടെ കുടുംബത്തിന്‍റെ അന്തിയുറക്കം.എന്നാലും അതുല്യയുടെ അമ്മ മായയുടെ മുഖത്ത് ഒരു ശുഭപ്രതീക്ഷയുടെ തെളിച്ചമുണ്ട്. മറ്റൊന്നുമല്ല ദെെവം കൂടെയുണ്ടെന്നും കരുണയുടെ പ്രതീകങ്ങളായ ഒത്തിരി മനുഷ്യ ഹൃദയങ്ങള്‍ അധികം വെെകാതെ തന്‍റെ മകളെ രക്ഷിക്കാനായി എത്തുമെന്ന വിശ്വാസവും അതാണ് അതുല്യയുടെ അമ്മയേയും കുടുംബത്തേയും ഇന്ന് മുന്നോട്ട് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
ചെറുപ്പത്തിലെയുളള അസുഖമാണ് അതുല്യക്ക്. ഹൃദയത്തിനും തലച്ചോറിനും ഗുരുതരമായ രോഗം ബാധിച്ച് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് അതുല്യ. ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന കാര്‍ഡിയോ മയോപ്പതിയാണ് അതുല്യയുടെ അസുഖം. കൂടാതെ ഓട്ടിസവുമുണ്ട്. ദില്ലി എയിംസ് ഹോസ്പിറ്റലിലായിരുന്നു അതുല്യയുടെ ചികിത്സ ഇത്രയും കാലം നടത്തിയിരുന്നത്. തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയിലേക്കാണ് അതുല്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ഇടുക്കി തൊടുപുഴ നെയ്യശ്ശേരി കോട്ടയില്‍ സാബുവിന്റെയും മായയുടെയും മകളാണ് അതുല്യ. മകളുടെ ചികിത്സയ്ക്കായി ഹോസ്പിറ്റലുകള്‍ കയറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആശുപത്രിയില്‍ പോകേണ്ടതു കൊണ്ട് കൂലിപ്പണിക്കാരനായ സാബുവിന് ജോലിക്ക് പോകാനും സാധിക്കുന്നില്ല.
രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്ത മകള്‍ക്ക് മായയും സാബുവും ഉറങ്ങാതെ കൂട്ടിരിക്കും. ശരീരത്തിന്റെ ഒരു ഭാഗത്തിന് ബലക്ഷയമുണ്ടെന്നും മായ പറയുന്നു. ഇതിനകം ലക്ഷക്കണക്കിന് രൂപയാണ് ചികിത്സയ്ക്ക് ചെലവായത്. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി ഇനിയും ലക്ഷങ്ങള്‍ വേണ്ടി വരുമെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി തുടര്‍ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ആധിയിലാണ് അതുല്യയുടെ മാതാപിതാക്കള്‍. എങ്കിലും ആ അമ്മയുടെ കണ്ണീര്‍ വറ്റിയ കണ്ണുകള്‍ ആരെയോ തേടുന്നുണ്ട്. അതൊരുപക്ഷേ തന്‍റെ മോളെ ജീവിതത്തിലേക്ക് തിരികെ കൂട്ടാനെത്തുന്ന ദെെവ സമാനമായ മനുഷ്യ ഹൃദയങ്ങളെയാവാം……
അതുല്യയ്ക്ക് സഹായമെത്തിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍
കെ കെ സാബു
എസ്ബിഐ തൊടുപുഴ ശാഖ
67367484985
Post Your Comments