30 ലക്ഷം പേരെ തന്നെ ഇറക്കി വനിതാ മതില്‍ വിജയിപ്പിക്കാന്‍ പിണറായിയും അയ്യപ്പജ്യോതി തെളിച്ചു ഞെട്ടിക്കാന്‍ ജി.സുകുമാരൻ നായരും

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സർക്കാർ വനിതാ മതില്‍ ഉയർത്തുബോൾ മറുവശത്ത് അയ്യപ്പജ്യോതി തെളിച്ചു ഞെട്ടിക്കാന്‍ തയ്യാറെടുക്കുന്നയാണ് എൻഎസ്എസും സുകുമാരൻ നായരും.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉണ്ടായ ഭിന്നത വെള്ളാപ്പള്ളിയെയും കൂട്ടരെയും അണിനിരത്തികൊണ്ടുള്ള നവോത്ഥാന വനിതാ മതില്‍ നിര്‍മ്മാണത്തിന്റെ പേരില്‍ എന്‍എസ്‌എസും സർക്കാരും ശത്രുക്കളായി മാറിയിരിക്കുകയാണ്. ഈ വിഷയത്തില്‍ സിപിഎമ്മും എന്‍എസ്‌എസും നേര്‍ക്കുനേര്‍ പോരാടുന്ന കാഴ്‌ച്ചയാണ് ഇപ്പോള്‍.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും കളത്തിലിറങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. മതിലിനെതിരായ എന്‍എസ്‌എസ് നിലപാട് സിപിഎമ്മിന് അപ്രതീക്ഷിതമല്ല. എന്നാല്‍ ശബരിമല കര്‍മസമിതിയുടെ 26 ലെ അയ്യപ്പജ്യോതിയെ പിന്തുണക്കണമെന്ന നായരുടെ പ്രസ്താവനയാണ് സിപിഎമ്മിനും സര്‍ക്കാറിനും ദഹിക്കാതിരുന്നത്. ആര്‍എസ്‌എസാണു കര്‍മസമിതിക്കു പിന്നിലെന്നു വ്യക്തമാണ്. എന്നിട്ടും സുകുമാരന്‍ നായര്‍ അങ്ങോട്ടു ചായുന്നത് സിപിഎം ജാഗ്രതയോടെയാണ് കാണുന്നത്.

തുടർന്നാണ് എന്‍എഎസിനെ ആര്‍എസ്‌എസ് വിഴുങ്ങുമെന്ന മുന്നറിയിപ്പ് കോടിയേരിയില്‍ നിന്നുണ്ടായതും. തുടർന്ന് അതേ നാണയത്തിൽ സിപിഎമ്മിനുള്ള മറുപടിയുമായി സുകുമാരൻ നായർ എത്തി. ആര്‍എസ്‌എസിന്റെ തൊഴുത്തില്‍ കെട്ടാനാണു നീക്കമെന്ന കോടിയേരിയുടെ ആക്ഷേപത്തിനു മറുപടിയായി, മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ് എന്നു കോടിയേരി ഓര്‍ക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അതിനു ശ്രമിച്ചവരെല്ലാം നിരാശരായിട്ടുണ്ട്.

 

രാഷ്ട്രീയത്തിന് അതീതവും മതേതരത്വത്തിന് ഉതകുന്നതും മന്നത്തു പത്മനാഭന്റെ ദര്‍ശനങ്ങളില്‍ അധിഷ്ഠിതവുമായ നിലപാടാണ് എന്‍എസ്‌എസിന്റേത്. ആക്ഷേപിക്കാന്‍ ശ്രമിക്കാതെ, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനു പറ്റിയ വീഴ്ച തിരുത്താനാണു ശ്രമിക്കേണ്ടത്. രാജ്യനന്മയ്ക്കായി മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, ഈശ്വരവിശ്വാസം എന്നിവ സംരക്ഷിക്കുകയാണ് എന്‍എസ്‌എസിന്റെ നിലപാട്. മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് എൻ എസ് എസ് എന്നും സുകുമാരൻ നായർ വ്യക്തമാക്കി.

അതേസമയം വനിതാ മതിലിൽ 30 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നു. ‘വർഗീയ മതിലെ’ന്നു പ്രതിപക്ഷം എതിർക്കുന്ന വനിതാ മതിലിനെ സ്നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയിരുന്നു . കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, ലൈബ്രറി കൗൺസിലിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാരവാഹികൾ തുടങ്ങിയവരെയും മതിലിന്റെ ഭാഗമാക്കും.

ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്നാണ് സർക്കാർ നൽകുന്ന റിപ്പോർട്ട്. കണ്ണൂരിൽ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയിൽ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ് ഏഴു ജില്ലകളിൽ 3– 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളിൽ മതിൽ ഇല്ല. ഈ ജില്ലകളിൽ നിന്നുള്ള 45,000 മുതൽ 55,000 വരെ വനിതകളെ മറ്റു ജില്ലകളിൽ വിന്യസിക്കും. വനിതാ മതിൽ കാണാൻ ലക്ഷക്കണക്കിനു പുരുഷന്മാരും എത്തുമെന്ന പ്രതീക്ഷയും യോഗം പങ്കുവച്ചു.

Share
Leave a Comment