KeralaLatest News

ഇന്ധന വില പിടിച്ചുകെട്ടാം; ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോകള്‍

തിരുവനന്തപുരം: നിരത്തുകളില്‍ സൗഹൃദ സഞ്ചാരത്തിനൊരുങ്ങി ഇലക്ട്രോണിക് ഓട്ടോകള്‍. കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കും പരിഹാരമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലേക്കെത്തുന്നത്.
പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡാണ് (കെ.എ.എല്‍) ഇ- ഓട്ടോ വിപണിയില്‍ എത്തിക്കുക. സര്‍ക്കാറന്റെ പുതിയ ഇക്‌ട്രോണിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ- ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പെര്‍മിറ്റ് നല്‍കൂ.

ഇപ്പോഴുള്ള ഓട്ടോയുടെ അതേ രൂപത്തില്‍ തന്നെയാണ് വൈദ്യുതി ഇന്ധനത്തിലേക്ക് മാറുന്ന ഓട്ടോകളും ഉണ്ടാവുക. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വിയുടെ മോട്ടോറുമാണ് ഉപയോഗിച്ചിട്ടുള്ളത്. ബാറ്ററിക്ക് അഞ്ചുവര്‍ഷത്തെ കാലാവധിയുമുണ്ട്. മൂന്നുമണിക്കൂറാണ് ചാര്‍ജാകാന്‍ വേണ്ട സമയം. ഒരുതവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 120 കിലോമീറ്റര്‍ ഓടിക്കാം. പരമാവധി വേഗത 55 കിലോമീറ്റര്‍ ആണ്. മൂന്ന് പേര്‍ക്ക് സുഖകരമായി യാത്രചെയ്യാനും സാധിക്കും. ഒരു കിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസമാത്രമാണ് ചിലവ് വരുന്നത്. 295 കിലോയാണ് ഭാരം. ഫൈബര്‍ ഭാഗങ്ങളാണ് വാഹനത്തിന് മുന്‍വശത്തും ഉള്ളിലും ഉപയോഗിച്ചിട്ടുള്ളത്.

ക്ഷമതാസര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ ഒരു മാസത്തിനകം വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. എല്ലാ സജ്ജീകരണങ്ങളോടും കൂടി ഒരു ഓട്ടോ പുറത്തിറങ്ങാന്‍ ഏകദേശം 2.10 ലക്ഷം രൂപ വിലവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button