ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയെ സഹായിക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയില്‍ 2300 കോടിയുടെ ഓഹരി നിക്ഷേപം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി പാര്‍ലമെന്റിന്റെ അനുമതി തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യ വത്കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് നടപടി.
അതേസമയം, എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള സ്വപ്ന പദ്ധതി നടക്കാതെ പോയത് കൊണ്ടാണ് ഇത്തരമൊരു സഹായം നല്‍കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിവിധ സമയത്ത് എയര്‍ ഇന്ത്യയെ ലേലത്തില്‍ വച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ ചില വിദേശ കമ്ബനികള്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഇവരും പിന്മാറി.
നിലവില്‍ 52,000 കോടി രൂപയുടെ കടബാധ്യതകളുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇതില്‍ 76 ശതമാനം വിറ്റഴിക്കാനാണ് നേരത്തെ സര്‍ക്കാര്‍ നീക്കം നടത്തിയത്. എന്നാല്‍ ഓഹരികള്‍ വിറ്റഴിച്ച് പണം നേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തുടര്‍ന്നാണ് എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയത്.
1932ലാണ് ടാറ്റാ എയര്‍ലൈന്‍സ് ഇന്ത്യയില്‍ തുടങ്ങിയത്. ജെ.ആര്‍.ഡി ടാറ്റ കറാച്ചിയില്‍ നിന്ന് ആദ്യ വിമാനം ബോംബൈയിലേക്ക് പറത്തിക്കൊണ്ടായിരുന്നു തുടക്കം. 1946ല്‍ ടാറ്റ എയര്‍ലൈന്‍സ് പൊതുമേഖലാ സ്ഥാപനമാക്കി എയര്‍ ഇന്ത്യ എന്ന പേര് സ്വീകരിച്ചു.1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എയര്‍ ഇന്ത്യയെ ദേശസാത്ക്കരിച്ചു.
എന്നാല്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യ പിടിച്ചെടുത്തതോടെ കടത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോള്‍ ഏതാണ്ട് 52,000 കോടിയാണ് എയര്‍ ഇന്ത്യയുടെ കടം. എണ്ണകമ്ബനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൊടുക്കാനുള്ള കുടിശിക കൂടി ചേര്‍ത്താല്‍ കടബാധ്യത 70,000 കോടി കടക്കും. മോഡി സര്‍ക്കാര്‍ വന്നതിനുശേഷം എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ 16,000 കോടി രൂപ ചെലവിട്ടിട്ടുണ്ട്. 118 വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 77 എണ്ണം സ്വന്തമാണ്.
എയര്‍ ഇന്ത്യയെ കരകയറ്റാനുള്ള നാല് പദ്ധതികള്‍
*കേന്ദ്രത്തിന്റെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം
*ബ്രാന്‍ഡിംഗ് റിഫ്രഷ്മെന്റ്
*കമ്പനിയിലും സര്‍ക്കാര്‍ തലത്തിലും നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍
*ജീവനക്കാരെ മുഴുവന്‍ ബോധവത്കരിക്കുക
Post Your Comments