സുല്‍ത്താന്‍ ബത്തേരി : നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ഹര്‍ത്താലുകള്‍ക്ക് നോ പറഞ്ഞു ബത്തേരിയിലെ വ്യാപാരികള്‍. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി എകോപന സമിതി ബത്തേരി യൂണിറ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹര്‍ത്താല്‍ നടത്തുന്നത് ഏത് സംഘടനയാണെങ്കിലും ഈ തീരുമാനം പ്രാവര്‍ത്തികമാക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഈ ദിവസങ്ങളില്‍ തുറന്ന പ്രവര്‍ത്തിക്കുന്ന കടകള്‍ക്കുള്ള സംരക്ഷണം സംഘടന നല്‍കും. ഈ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കും.
നാടിന്റെ പൊതുവായ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങളില്‍ മൂന്ന് ദിവസം മുമ്പ് നോട്ടീസ് നല്‍കിയാല്‍ സഹകരിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ജനുവരിയില്‍ നടക്കുന്ന ദേശീയ പണിമുടക്കിനും കടകള്‍ അടച്ചിടേണ്ടയെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
Post Your Comments