കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് അധികാരങ്ങള്‍ ഭരണഘടനാഭേദഗതിയിലൂടെ വെട്ടിക്കുറയ്ക്കാന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ചര്‍ച്ച നടന്നു. 51 ദിവസത്തെ രാഷ്ട്രീയപ്രതിസന്ധികള്‍ അവസാനിച്ച് റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായതിനുശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ചര്‍ച്ച നടന്നത്.
സ്പീക്കര്‍ കാരു ജയസൂര്യയുടെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. ഭരണഘടന ഭേദഗതിചെയ്യാനുള്ള നീക്കത്തെ തങ്ങള്‍ അനുകൂലിക്കുമെന്ന് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി വ്യക്തമാക്കി. നീക്കത്തെ പിന്തുണയ്ക്കുമെന്ന് തമിഴ് ദേശീയ സഖ്യവും (ടി.എന്‍.എ.) ശ്രീലങ്ക മുസ്ലിം കോണ്‍ഗ്രസും പറഞ്ഞു.
പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലങ്കയില്‍ അടുത്തിടെ നടന്ന സംഭവങ്ങളെന്ന് യു.എന്‍.പി. എം.പി. മാലിക് സമരവിക്രമ പറഞ്ഞു.
പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സെയെ ആ സ്ഥാനത്ത് നിയമിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് ശ്രീലങ്കയില്‍ ഭരണപ്രതിസന്ധിക്ക് കാരണമായത്.
പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറയ്ക്കാനായി ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍ നേരത്തേയും പാര്‍ലമെന്റില്‍ നീക്കംനടന്നിരുന്നെങ്കിലും യു.എന്‍.പി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തതിനാല്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ തങ്ങള്‍ ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് യു.എന്‍.പി. പറഞ്ഞു.
അതേസമയം, പ്രസിഡന്റ് മൈത്രിപാല സിരിസേനയും വിക്രമസിംഗെയും ധാരണയിലെത്താത്തതിനാല്‍ പുതിയ മന്ത്രിസഭാംഗങ്ങളെ തീരുമാനിച്ചിട്ടില്ല.
Post Your Comments