മലപ്പുറം : ഫേസ്ബുക്ക് ലൈവില്‍ തങ്ങളുടെ നാടിനെ അധിക്ഷേപിച്ച പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച യുവാക്കള്‍ക്ക് തിരിച്ച് പണികിട്ടി. പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തിയെന്ന കേസില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്‌സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയോടനുബന്ധിച്ച് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ പെണ്‍കുട്ടികള്‍ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസില്‍ പരാതി നല്‍കിയെന്നും പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആണെന്നും ജനവികാരം ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കള്‍ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതാണ് കുരുക്കായത്.
സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തത് തടഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലാണ് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇവരെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടുള്ള സൈബര്‍ ആക്രമണമാണ് ഈ പോസ്റ്റുകള്‍ക്ക് താഴെ നടക്കുന്നത്.
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത പ്രദേശമായ കിളിനക്കോട്. എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. അവര്‍ ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിച്ചുവെന്നും പെണ്‍കുട്ടികള്‍ പരാതി പറയുന്നു.
തുടര്‍ന്ന് ഇവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി തങ്ങള്‍ ഇവിടെ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രയ്ക്ക് കള്‍ച്ചര്‍ ഇല്ലാത്ത നേരം വെളുക്കാത്ത നാട് വേറെയില്ലെന്നും തമാശ കലര്‍ന്ന രൂപത്തില്‍ ഫെയ്‌സ്ബുക്ക് വിഡിയോ ചെയ്തു. ‘ഇവിടത്തെ ചെക്കന്‍മാര്‍ പോലും കണക്കാണ്, ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് ഇവിടെ ഉളളവര്‍. ഈ പ്രദേശത്തേക്ക് വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരുന്നതാകും നല്ലത്. കഴിയുന്നതും ഈ പ്രദേശത്തേക്ക് ആരും കല്ല്യാണം കഴിച്ച് വരാതിരിക്കുക’- ഇവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ഇതോടെ ഒരു പറ്റം ആളുകള്‍ ഇവര്‍ക്കെതിരെ രംഗത്തു വരികയായിരുന്നു.
ഇവര്‍ക്കു മറുപടിയുമായി കുളിനാക്കോടിലെ യുവാക്കള്‍ എന്നവകാശപ്പെട്ട് ടീം കിളിനാക്കോട് എന്നപേരില്‍ കുറച്ച് യുവാക്കള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. വിശപ്പിന്റെ വില അറിഞ്ഞവരാണ് കിളിനാക്കോടുളളവരെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ സംസ്‌കാരമുണ്ടെന്നും അവ നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും യുവാക്കള്‍ വിഡിയോയില്‍ പറഞ്ഞു.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതു പോലെ പെണ്‍കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികളുടെ നേരിട്ടുളള പരാതിയില്‍ മേല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് വടകര എസ്‌ഐ സംഗീത് പുനത്തില്‍ ആരും അവരെ വിളിച്ചു വരുത്തിയതല്ല രക്ഷിതാക്കള്‍ക്കൊപ്പം അവര്‍ നേരിട്ടു വന്നു പരാതി നല്‍കുകയായിരുന്നുവെന്നും എസ്‌ഐ പറഞ്ഞു.
Post Your Comments