Latest NewsIndia

ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ചു, ആഢംബരത്തിന് മോഷണം തൊഴിലാക്കി:  ടെക്കി പിടിയില്‍

മുംബൈ: ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ചു, ആഢംബരത്തിന് മോഷണം തൊഴിലാക്കിയ ടെക്കി പിടിയിലായി. മുന്‍നിര ഐടി സ്ഥാപനത്തിലെ വൈസ് പ്രസിഡന്റായിരുന്ന യുവാവിനെയാണ് കാര്‍ മോഷണം, മാല പിടിച്ചുപറി തുടങ്ങിയ കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.. അഞ്ച് വര്‍ഷം മുന്‍പാണ് സുമിത് സെന്‍ഗുപ്ത എന്നായാള്‍ ജോലി രാജി വച്ചത്. 2.5 ലക്ഷം രൂപയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വരുമാനം. ജോലി പോയതോടെ ആഢംബര ജീവിതത്തിനായി ഇയാള്‍ ‘പുതിയ ജോലി’ കണ്ടെത്തുകയായിരുന്നു. അതിനിടെയാണ് പൊലീസ് പിടിയിലായത്.

2015ല്‍ സെന്‍ഗുപ്തയുടെ ഭാര്യയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പ്രതി ലഹരിമരുന്നിന് അടിമയും കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നയാളുമാണെന്നും പൊലീസ് അറിയിച്ചു. രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐടി കമ്പനിയുടെ പുണെയിലെ ഓഫിസിലായിരുന്നു ജോലി നോക്കിയിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.<br />
ഡിസംബര്‍ 12ന് മുംബൈയിലെ വാശിയില്‍ സ്ത്രീയുടെ മാല മോഷ്ടിച്ച സംഭവത്തിലാണ് സുമിത് സെന്‍ഗുപ്ത അറസ്റ്റിലായത്. ഇയാളോടൊപ്പം നിതീഷ് അഗര്‍വാള്‍ എന്നയാളും പൊലീസ് പിടിയിലായി. മോഷ്ടിച്ച കാറിലായിരുന്നു ഇരുവരും മാല പിടിച്ചുപറിക്കാനെത്തിയതെന്നും പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ വലയിലാക്കുകയായിരുന്നു.

ഡിസംബര്‍ ഒന്‍പതിന് വശിയിലെ തന്നെ ഫോര്‍ട്ടിസ് ആശുപത്രിക്കു സമീപത്തുവച്ചാണ് കാര്‍ മോഷണം നടന്നത്. കാര്‍ ഡ്രൈവറെ വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു വാഹനം തട്ടിയെടുത്തത്. തോക്കാണെന്ന വ്യാജേന മറ്റൊരു വസ്തു ഡ്രൈവറുടെ തലയ്ക്ക് നേരെ ചൂണ്ടിയായിരുന്നു കാര്‍ മോഷണം. സെന്‍ഗുപ്തയ്‌ക്കെതിരെ 2017ലെ മറ്റൊരു മോഷണക്കേസ് കൂടി നിലവിലുണ്ട്. മറ്റു പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകളുണ്ടോയെന്നു പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button