റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചത്തീസ്ഗഡില്‍ ഔദ്യോഗിക ഫയലുകള്‍ കത്തിച്ചതായി പരാതി. പ്രാദേശിക മാധ്യമങ്ങള്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് . സംസ്ഥാനത്തെ ഇന്റലിജന്‍സ് അധികൃതരാണ് അനന്ത് വിഹാര്‍ ഗ്രൗണ്ടിന് വെച്ച് ഫയലുകളെ അഗ്നിക്കിരയാക്കിയതെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള എല്ലാ രഹസ്യ രേഖകളും ഇന്റലിജന്‍സ് ഏജന്‍സികളിലാണ് സൂക്ഷിക്കാറുള്ളത്.
ഇവയാണ് കത്തിച്ചതെന്ന സംശയവും നിഴലിക്കുന്നതായി പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള അഴിച്ച്പണിയാണോ രേഖകള്‍ കത്തിച്ചതിന് പിന്നിലെന്ന ചോദ്യവും സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ട്രക്കില്‍ കൊണ്ടുവന്ന കെട്ടുകണക്കിന് ഫയലുകള്‍ ഡ്യെൂപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അജയ് ലോക്ഡയുടെ നേതൃത്വത്തില്‍ അഗ്നിക്കിരയാക്കിയത്.
കത്താത്ത ഫയലുകളെ തരംതിരിച്ച് വീണ്ടും കത്തിക്കാന്‍ അജയ് ലോക്ഡ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.അതേ സമയം രേഖകള്‍ കത്തിച്ച സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ മൗനം പാലിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
Post Your Comments