KeralaLatest News

സി.പി.എം നവോത്ഥാനവും സ്ത്രീസമത്വവും ആദ്യം നടപ്പാക്കേണ്ടത് സ്വന്തം പാർട്ടിയിൽ – കെ.സോമൻ

ആലപ്പുഴ : സ്ത്രീ സമത്വത്തിനും നവോത്ഥാനത്തിനും വേണ്ടി വനിതാ മതിൽ കെട്ടുന്നു എന്ന് പറയുന്നവർ സ്വന്തം പാർട്ടിയിൽ ഇത് ആദ്യം നടപ്പാക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. സോമൻ. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം ശക്തികേന്ദ്രം ഇൻചാർജ്മാരുടെ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളോട് വിവേചനവും അക്രമവും കാണിക്കുന്ന സി.പി.എമ്മിൽ സ്വന്തം വനിതാ നേതാക്കൾക്ക് പോലും പീഡനമേൽക്കുന്നു. കെ.ആർ.ഗൗരിയമ്മയുടെ പേരിൽ അധികാരത്തിൽ വന്നിട്ട് പിന്നോക്കക്കാരിയായതിന്റെ പേരിൽ അവർക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാതിരുന്ന സി.പി.എമ്മിന്റെ നവോത്ഥാനം ജനങ്ങൾക്ക് മനസിലാകും.

ശബരിമലയിൽ നടപ്പാക്കുന്നത് പിണറായി വിജയൻറെ ഗൂഢ തന്ത്രങ്ങളാണ്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എല്ലാം നോട്ടയ്ക്ക് പിറകിലായിട്ടും സി.പി.എം സന്തോഷിക്കുകയാണ്. കോൺഗ്രസ്സിനു രോമം കിളുത്താൽ അതിൽ രോമാഞ്ചം കൊള്ളുന്ന പാർട്ടിയായി സി.പി.എം അധപതിച്ചു. ഈ സംസ്ഥാനങ്ങളിൽ ഒന്നും തന്നെ ബി.ജെ.പി.യുടെ അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് വോട്ടിങ്ങ് ശതമാനം വ്യക്തമാക്കുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലടക്കം ബി.ജെ.പി. വിജയിക്കും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ സംഘടനകാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ. രൺജീത് ശ്രീനിവാസ്, ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്,മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മണ്ഡലം ഭാരവാഹികളായ എൻ.ഡി.കൈലാസ്, ഉഷാ സാബു, വാസുദേവക്കുറുപ്പ്, രേണുക, വിശ്വവിജയ പാൽ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button