ഡൽഹി : പ്രളയ ദുരിതാശ്വാസ തുകയിൽനിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക വെട്ടിക്കുറയ്ക്കാൻ കാരണം.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിസംബർ ആറിന് ചേർന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എൻ.ഡി.ആർ.എഫ്.)യിൽനിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നു. ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ 10-ന് ഇറക്കിയ ഉത്തരവിൽ 2304.85 കോടി രൂപ നൽകാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടിൽ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
തുക കുറച്ചാണ് ഖജനാവിലേക്ക് കിട്ടിയതെന്ന് എസ്.ഡി.ആർ.എഫിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും സ്ഥിരീകരിച്ചു. എസ്.ഡി.ആർ.എഫിന് അടുത്ത വർഷത്തേക്ക് ഉപയോഗിക്കാവുന്ന ഫണ്ടാണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇനി കുറച്ച തുക കിട്ടുമോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
Post Your Comments