തിരുവനന്തപുരം : ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ചര്‍ച്ചകളുടെ ഭാഗമായാണ് ജനുവരി ഒന്നിന് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനം വന്ന് ആദ്യ നിമിഷം മുതല്‍ തന്നെ വനിതാ മതിലിലെ സംബന്ധിച്ച് വിവാദങ്ങളും ഉയര്‍ന്നു വന്നു.
ഇതിനിടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ നിന്ന് സിനിമാ താരം മഞ്ജു വാര്യര്‍ പിന്മാറിയതിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷനുമായ എ.ജയശങ്കര്‍ രംഗത്ത്. മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയതെന്നും മതിലിന് രാഷ്ട്രീയവും മതവും ജാതിയും ഉണ്ടെന്ന് താരം കരുതിയിരുന്നില്ലെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
മഞ്ജു വാര്യർ വനിതാ മതിലിനുളള പിന്തുണ പിൻവലിച്ചു. സമസ്ത കേരള വാര്യർ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിർക്കുന്നതു കൊണ്ടല്ല, ഒടിയൻ സിനിമക്കെതിരെ നടന്ന ഒടിവിദ്യയിൽ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.
മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സർക്കാർ പരിപാടിയാണ് വനിതാ മതിൽ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്പര്യവും ഉണ്ടെന്ന് സ്വപ്നേപി അറിഞ്ഞില്ല.
കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയിൽ നിന്ന് സവിനയം പിന്മാറുന്നു. സോറി.
മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് ‘അമ്മ’സംഘടനയുടെയും ദിലീപ് ഫാൻസ് അസോസിയേഷൻ്റെയും അഭിമാനപ്രശ്നമായി മാറി. കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ അണിചേരാനും സാധ്യത.
# ജനപ്രിയ നായകനൊപ്പം,
നവോത്ഥാന മൂല്യങ്ങൾക്കൊപ്പം.
Post Your Comments