കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തില്‍ നടിയെ ഉടന്‍ ചോദ്യം ചെയ്യും. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ‘നെയ്ല്‍ ആര്‍ട്ടിസ്റ്ററി’ എന്ന ആഢംബര ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പില്‍ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ലീന മരിയ പോളിന്റെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. നിലവില്‍ ഹൈദരാബാദിലുള്ള ലീന പോളിനോട് കൊച്ചിയിലെത്താന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ സംഭവത്തില്‍ ഇതുവരെ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നടി ലീന പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പോരിലാണ് നടിയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇരുപത്തിയഞ്ചു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു രവി പൂജാരിയുടെ പേരില്‍ വന്ന സന്ദേശം. ഇതിനു പിന്നാലെയാണ് രണ്ടംഗ സംഘത്തിന്റെ വെടിവെയ്പ്പുണ്ടായത്. എന്നാല്‍ നഗരത്തിലെ ക്വട്ടേഷന്‍ സംഘങ്ങളും സംശയത്തിന്റെ നിഴലിലാണ്.
ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായവരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ലീനയുമായി ശത്രുതയുള്ളവര്‍ ക്വട്ടേഷന്‍ സംഘങ്ങളെ മുന്‍നിര്‍ത്തി ഉണ്ടായ അക്രമമാകാം എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരത്തിലെ ക്രിമിനല്‍ കേസ് പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു നീക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ലീന മരിയ പോളിന്റെ അധോലോക ബന്ധങ്ങളെക്കുറിച്ചുമുള്ള പ്രാഥമിക വിവര ശേഖരണവും പോലീസ് തുടങ്ങിയിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments