അമ്പലപ്പുഴ: കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടി ആറു വയസുകാരിക്ക് ദാരുണാന്ത്യം. തകഴി പഞ്ചായത്ത് തെന്നടി അഞ്ചിൽ വീട്ടിൽ രഞ്ജിത്തിന്റെ മകൾ ആരാധ്യയാണ് മരിച്ചത്. ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് അപകടം നടന്നത്. ആലപ്പുഴയിൽ നിന്ന് തെന്നടിയിലെ വീട്ടിലേക്കു പോകുകയായിരുന്നു രഞ്ജിത്തും ഭാര്യ രാജശ്രീയും ഇവരുടെ മക്കളായ ആര്യന്(നാലര), ആരാധ്യയും.
ആലപ്പുഴയിൽ നിന്ന് തെങ്കാശിയിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് ബൈക്കിൽ ഇടിച്ചത്.
ബസിന്റെ മധ്യഭാഗം ബൈക്കിൽ തട്ടിയതിനെ തുടർന്ന് ആരാധ്യ വലതുഭാഗത്ത് റോഡിലേക്കും മറ്റുള്ളവർ ഇടതു വശത്തേക്കും വീഴുകയായായിരുന്നു. ഈ സമയം ദേഹത്തുകൂടി ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങിയ ആരാധ്യ തൽക്ഷണം മരിച്ചു.
നാട്ടുകാരും പുന്നപ്ര പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരാധ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. തെന്നടി കാർമ്മൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആരാധ്യ. അപകടത്തെ തുടർന്ന് നിർത്താതെ പോയ ബസ് പോലീസ് പിടിച്ചു.
Post Your Comments