സിഡ്നി: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ ഓസ്‌ട്രേലിയയും അംഗീകരിച്ചു. എന്നാല്‍ ഉടന്‍ തന്നെ ടെല്‍ അവിവിലെ ഓസ്ട്രേലിയയുടെ എംബസി പടിഞ്ഞാറന്‍ ജറുസലേമിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജറുസലേമിന്റെ പദവി സംബന്ധിച്ച തര്‍ക്കമാണ്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ പരിഗണിക്കാതെ 2017 ഡിസംബറില്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതായി മോറിസണ്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പലസ്തീന്‍ അധികൃതരും ഓസ്ട്രേലിയയുടെ വാണിജ്യ പങ്കാളിയും ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയും രംഗത്തുവന്നിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഏകദൈവവിശ്വാസികളായ മൂന്ന് മതങ്ങള്‍ക്കും ജറുസലേം വിശുദ്ധ നഗരമാണ്. ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും മതപരമായി നിര്‍ണായക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അവിടെയുണ്ട്.
രാഷ്ട്രീയ-നയതന്ത്ര ചര്‍ച്ചക്കള്‍ക്കൊടുവിലാണ് ഓസ്‌ട്രേലിയ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. അതേസമയം മുന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ ബുള്‍ യു.എസിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഗ്വാട്ടിമാലയും പെറുഗ്വേയും യു.എസിനെ പിന്തുണച്ചുവെങ്കിലും ഭരണമാറ്റത്തെ തുടര്‍ന്ന് പെറുഗ്വേ തീരുമാനത്തില്‍ നിന്ന് പിന്‍മാറി.
Post Your Comments