കണ്ണൂര്‍: തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മൂന്നു ഹര്‍ത്താലുകളാണ് കേരളത്തില്‍ ഉണ്ടായത്. അതേസമയം ഇന്നലെ നടന്ന ഹര്‍ത്താലിനെതിരെ വലിയ പ്രതിഷേധം രേഖപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ഹര്‍ത്താലില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം നടത്തിയിരിക്കുകയാണ് കണ്ണൂര്‍ മാതമംഗലത്തെ ഹരിത പച്ചക്കറി സ്റ്റാള്‍ ഉടമ ഹരിത രമേശന്.
തന്റെ പച്ചക്കറി കടയിലെ 25,000 രൂപ വില വരുന്ന പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്താണ് രമേശന് ഹര്‍ത്താല്‍ ദിനത്തില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 6.30-ന് ആരംഭിച്ച് സൗജന്യ വിതരണം തുടങ്ങിയ വിതരണം 8.45-ന് പച്ചക്കറി പൂര്‍ണമായും തീരുന്നതുവരെ തുടര്‍ന്നു.
കര്‍ണാടകത്തില്‍ നിന്നും തമിഴനാട്ടില്‍ നിന്നുമായി വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശന് പച്ചക്കറി ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് പച്ചക്കറി മാതമംഗലത്തെ കടയിലെത്തി. എന്നാല്‍ ഹര്‍ത്താലായതിനാല്‍ വില്‍പ്പന നടത്താനാവില്ല എന്നു മനസ്സിലാക്കിയ രമേശന് ഇത് സൗജന്യമായി നല്‍കുകയായിരുന്നു. കഴിഞ്ഞ ഹര്‍ത്താലിന് 15,000 രൂപയുടെ പച്ചക്കറി നശിച്ചതായും പെട്ടെന്നുണ്ടായ ഹര്‍ത്താലില്‍ പച്ചക്കറി നശിക്കാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണമെന്ന് രമേശന് പറഞ്ഞു.
Post Your Comments